liabrary
ആലുവാ കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക മുനിസിപ്പൽ ലൈബ്രറി

ആലുവ: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ലൈബ്രറിയോട് നഗരസഭ കാട്ടുന്ന അവഗണനയ്ക്കെതിരെ ആലുവയിൽ കുറ്റിപ്പുഴ സാംസ്‌കാരികവേദി രൂപവത്കരിച്ച് പ്രതിഷേധം. കുറ്റിപ്പുഴയുടെ സ്മരണ നിലനിർത്തുന്ന വിവിധ പരിപാടികളും സാംസ്‌കാരിക പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിക്കാനാണ് തീരുമാനം. ആലുവ ടാസ് ഹാളിൽ ചേർന്ന സാംസ്‌കാരിക പ്രവർത്തകരുടെ കൺവെൻഷനാണ് സംഘടനയ്ക്ക് രൂപം നൽകിയത്.

നഗരസഭ മുൻ കമ്മീഷണർ എം.എൻ.സത്യദേവൻ ചെയർമാനും അഡ്വ. കെ.എ. ജമാലുദ്ദീൻ കൺവീനറുമാണ് . കേരള സംഗീത നാടക അക്കാഡമി വൈസ്‌ ചെയർമാൻ സേവ്യർ പുൽപ്പാട്, നാടകരചയിതാവ് ശ്രീമൂലനഗരം മോഹൻ, കവി വേണു വി. ദേശം എന്നിവരാണ് രക്ഷാധികാരികൾ. ഗാന്ധിജയന്തി ദിനത്തിൽ ലൈബ്രറി പരിസരം ശുചീകരിക്കും. ഇപ്പോൾ ലൈബ്രറിയിൽ നഗരവാസികൾക്ക് മാത്രമാണ് അംഗത്വം നൽകുന്നത്. ഇത് മാറ്റി താലൂക്ക് തലത്തിലേക്കെങ്കിലും പ്രവർത്തനം വിപുലീകരിക്കണമെന്നാണ് ആവശ്യം.

ലൈബ്രറിയെ സാംസ്‌കാരിക കേന്ദ്രമാക്കണം

നഗരസഭാ ലൈബ്രറിയെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പോലെ സാംസ്‌കാരികപ്രവർത്തനങ്ങൾ നിരന്തരം സംഘടിപ്പിക്കണമെന്നതാണ് ആവശ്യം. ലൈബ്രറി പ്രവർത്തനത്തിനു മാത്രമായി എക്‌സൈസ് വകുപ്പിൽ നിന്ന് വിട്ടുകൊടുത്ത സ്ഥലത്താണ് ലൈബ്രറി കെട്ടിടം നിർമ്മിച്ചത്. ഇവിടെ കുടിവെള്ള നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ നഗരസഭ മുന്നോട്ടുവന്നപ്പോഴാണ് ഇതിനെതിരെ പ്രതിഷേധവുമായി സാംസ്‌കാരികപ്രവർത്തകർ രംഗത്തുവന്നത്. കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നത്. യു.ഡി.എഫ് കൺവീനർ ഡൊമിനിക് കാവുങ്കലിന് പുറമേ നഗരസഭയിലെ രണ്ട് മുൻ കോൺഗ്രസ് കൗൺസിലറും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു.

നഗരസഭയിലെ സ്വതന്ത്ര കൗൺസിലർമാരായ കെ. ജയകുമാർ, സെബി.വി. ബാസ്റ്റ്യൻ, ബി.ജെ.പി കൗൺസിലർ എ.സി. സന്തോഷ്‌കുമാർ എന്നിവരും സംബന്ധിച്ചു. എന്നാൽ സി.പി.എം, സി.പി.ഐ കൗൺസിലർമാർ ആരും പിന്തുണയുമായി രംഗത്തുവന്നില്ല. എന്നാൽ പുരോഗമന കലാസാഹിത്യസംഘത്തിന്റെ ആലുവായിലെ പ്രവർത്തകർ പ്രതിഷേധപരിപാടിയുടെ മുൻനിരയിലുണ്ടായിരുന്നു.