venu-v-desam
തകഴി സാഹിത്യ പുരസ്‌കാരം നേടിയ യുവ എഴുത്തുകാരൻ അനീഷ് ഒബ്രിനെ എഴുത്തുകാരൻ വേണു വി. ദേശം ഉപഹാരം നൽകി ആദരിക്കുന്നു

ആലുവ: എക്കാലത്തും നന്മയും തിന്മയും തമ്മിലുള്ള വടംവലി ഉണ്ടായിരുന്നെങ്കിലും ആധുനിക ആഗോളീകരണത്തിന്റെ കാലഘട്ടത്തിൽ തിന്മയുടെ ശക്തികൾ കൂടുതൽ കരുത്താർജിച്ചിരിക്കുകയാണെന്ന് എഴുത്തുകാരൻ വേണു വി. ദേശം അഭിപ്രായപ്പെട്ടു. നന്മയുടെ പക്ഷത്താണ് ജനം നിലകൊള്ളേണ്ടതെന്നും അന്തിമ വിജയം നന്മക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തകഴി സാഹിത്യ പുരസ്‌കാരം നേടിയ യുവ എഴുത്തുകാരൻ അനീഷ് ഒബ്രിനെ ആദരിക്കുന്ന ചടങ്ങ് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെ വചനങ്ങൾക്കും ആദർശങ്ങൾക്കും പ്രാധാന്യം ഏറിവരുന്ന കാലഘട്ടമാണിത്. ഗുരുസന്ദേശങ്ങൾ പൊതുസമൂഹം ഉൾകൊള്ളണം. വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഗുരു എഴുതിയ എറ്റവും ലളിതസുന്ദരമായ ദൈവദശകം എന്ന കീർത്തനമെങ്കിലും ഉൾപ്പെടുത്താൻ സർക്കാർ നടപടിയെടുക്കണമെന്നും വേണു വി. ദേശം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എ. ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു.

അനീഷ് ഒബ്രിന് വേണു വി. ദേശം ഉപഹാരം നൽകി. പ്രിൻസിപ്പൾ സീമ കനകാംബരൻ, ഹെഡ്മിസ്ട്രഡ് സന്തോഷ് വി. കുട്ടപ്പൻ, അദ്ധ്യാപകരായ സീമ അനിരുദ്ധൻ, സി.എസ്. ദിലീപ്കുമാർ, ആലുവ മീഡിയ ക്ലബ് സെക്രട്ടറി കെ.സി. സ്മിജൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ. രാജീവ് എന്നിവർ സംസാരിച്ചു.