ആലുവ: ആലുവ ചീരക്കട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയാഘോഷവും വിജയദശമി ഉത്സവവും നാളെ ആരംഭിക്കുമെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് എ. ശ്രീനാഥ് നായ്ക് പത്രസമ്മേളനത്തിൽ അറിയിച്ചു. നവരാത്രി നാളുകളിൽ വിശേഷാൽ പൂജകളും പുഷ്പാഞ്ജലിയും നടക്കും.
ഒക്ടോബർ അഞ്ചിന് ദീപാരാധനയ്ക്ക് ശേഷം പൂജവെയ്പ്പ്, ഭജന എന്നിവ നടക്കും. ആറാംതീയതി സംഗീതസദസ്, തിരുവാതിരകളി, ഏഴാംതീയതി നാട്യകല്ല്യാണി സ്‌കൂൾ ഒഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. വിജയദശമി ദിനത്തിൽ രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം, സമൂഹശ്രീവിദ്യാപൂജ, പ്രസാദവിതരണം. ക്ഷേത്രം മേൽശാന്തി തോട്ടത്തിൽമന രവി നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. സെക്രട്ടറി എൻ. അനിൽകുമാർ, ട്രഷറർ അയ്യപ്പൻനായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എൻ.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയ്ക്ക് കീഴിലുള്ള എസ്.എൻ പുരം ശ്രീശാരദ ദേവീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ തുടങ്ങും. തിങ്കളാഴ്ച രാത്രി 7.30ന് ചിന്ത് അരങ്ങേറ്റം. ഒക്ടോബർ ഒന്നിന് വൈകീട്ട് ആറിന് പ്രഭാഷണം, ഒക്ടോബർ രണ്ടിന് രാവിലെ 9.30ന് നാരായണീയ പാരായണം എന്നിവ ഉണ്ടാകും. ഒക്ടോബർ മൂന്നിന് രാത്രി 7.30ന് കരോക്കെ ഗാനമേള, നാലിന് രാത്രി 7.30ന് ഭക്തിഗാനമേള, അഞ്ചിന് രാത്രി ഏഴിന് ഗ്രാമോത്സവം, ആറിന് വൈകിട്ട് അഞ്ചിന് പൂജവെയ്പ്പ്, ഏഴിന് വൈകിട്ട് 4.30ന് ദേശതാലപ്പൊലി, എട്ടിന് രാവിലെ എട്ടിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം എന്നിവയുണ്ടാകും.
എടയപ്പുറം ശാഖയുടെ കീഴിലുള്ള ശ്രീ കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷം നടക്കും. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകൾ, പൂജവെയ്പ്പ്, വിദ്യാരംഭം എന്നിവ നടക്കും. ആലുവ അദ്വൈതാശ്രമം, ആവണംകോട് ശ്രീ സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.