cial

നെടുമ്പാശേരി: യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന് കൊച്ചി വിമാനത്താവളം (സിയാൽ) എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.എ) പുരസ്‌കാരം സ്വന്തമാക്കി. വിമാനത്താവള ഓപ്പറേറ്റർമാരുടെ അന്താരാഷ്‌ട്ര സംഘടനയാണിത്. പ്രതിവർഷം 50 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിൽ യാത്രക്കാർക്ക് സേവനം നൽകുന്ന വിമാനത്താവളങ്ങളിൽ ഒന്നാംസ്ഥാനമാണ് സിയാൽ നേടിയത്.

ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ചടങ്ങിൽ എ.സി.ഐ ഡയറക്‌ടർ ജനറൽ ഏഞ്ചല ഗിട്ടെൻസിൽ നിന്ന് സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സജി കെ. ജോർജും ഓപ്പറേഷൻസ് അസിസ്‌റ്റന്റ് ജനറൽ മാനേജർ എബ്രഹാം ജോസഫും ചേർന്ന് 'കസ്റ്റമർ സാറ്റിസ്‌ഫാക്‌ഷൻ അവാർഡ്-2018'' ഏറ്റുവാങ്ങി. 2016ൽ മൂന്നാംസ്ഥാനവും 2017ൽ രണ്ടാംസ്ഥാനവും സിയാലിന് ലഭിച്ചിരുന്നു.

യാത്രാ സൗകര്യം, ചെക്ക്-ഇൻ സംവിധാനം, ശുചിത്വം തുടങ്ങി 34 സൂചകങ്ങളെ അടിസ്ഥാനമാക്കി നടന്ന സർവേയുടെ അടിസ്ഥാനത്തിലാണ് ജേതാക്കളെ കണ്ടെത്തിയത്. ആഗോളാടിസ്ഥാനത്തിൽ ഏഴുലക്ഷത്തോളം യാത്രക്കാർ സർവേയിൽ പങ്കെടുത്തു. ഏഷ്യാ-പസഫിക് മേഖലയിൽ പ്രതിവർഷം അമ്പതുലക്ഷം മുതൽ ഒന്നരക്കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് സിയാൽ എ.സി.ഐ പുരസ്‌കാരം നേടിയത്.