നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് ഇന്നു തുടക്കമാകും. ഇസ്രയേലിലേക്കുള്ള വിനോദ സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഏറെ ആശ്വാസമേകുന്ന സർവീസാണിത്. ഇസ്രയേൽ എയർലൈനായ അർക്കിയയാണ് ശനി, ചൊവ്വ ദിവസങ്ങളിൽ സർവീസ് നടത്തുന്നത്. വെള്ളി, തിങ്കൾ ദിനങ്ങളിൽ ഇസ്രയേൽ സമയം രാത്രി 8.45ന് ടെൽ അവീവിൽ നിന്ന് പുറപ്പെടുന്ന വിമാനം (ഐ.സെഡ് 633) ശനി, ചൊവ്വ ദിനങ്ങളിൽ ഇന്ത്യൻ സമയം രാവിലെ 7.50ന് കൊച്ചിയിലെത്തും.
അതേ ദിനങ്ങളിൽ രാത്രി 9.45ന് ടെൽ അവീവിലേക്ക് വിമാനം (ഐ.സെഡ് 634) മടങ്ങും. ഇന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിന് വാട്ടർ സല്യൂട്ട് നൽകും. ആറുമണിക്കൂറാണ് കൊച്ചി-ടെൽ അവീവ് പറക്കൽ സമയം. ഗൾഫിന് പടിഞ്ഞാറേക്ക് കൊച്ചിയിൽ നിന്നൊരു നേരിട്ടുള്ള സർവീസ് ആദ്യമാണ്. ആദ്യമായാണ് ഗൾഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് വിമാന സർവീസ് തുടങ്ങുന്നത്. ആറുമണിക്കൂർ ആണ് പറക്കൽ സമയം. നിലവിൽ, ജോർദാനിൽ എത്തി, അവിടെനിന്ന് 15 മണിക്കൂർ ബസ് യാത്ര ചെയ്താണ് സഞ്ചാരികൾ ഇസ്രയേലിൽ എത്തുന്നത്.