# മെട്രോയെ ഗതാഗത ജീവനാഡിയാക്കും : അൽക്കേഷ് കുമാർ ശർമ്മ

# കാക്കനാട് പാതയുമായി മുന്നോട്ട്

കൊച്ചി : മെട്രോയെ കൊച്ചിയുടെ പ്രധാന ഗതാഗതജീവനാഡിയാക്കി മാറ്റുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു.

തൈക്കൂടം - പേട്ട, കാക്കനാട് പാത എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റവന്യൂ ടവറിലെ കെ.എം.ആർ.എൽ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. മുൻ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് ചുമതല കൈമാറി. ഡയറക്ടർമാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചകൾ നടത്തി.

ആകാംക്ഷയോടെയാണ് മെട്രോയിൽ ചുമതലയേൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത അടുത്തവർഷം ഫെബ്രുവരിയിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമ്മാണജോലികൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ തുടരും.

മെട്രോയെ കൂടുതൽ പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമാക്കും. ജലമെട്രോ പദ്ധതിയും പൂർത്തിയാക്കും. കാക്കനാട്ടേയ്ക്കുള്ള പാത കൊച്ചി നിവാസികൾ കാത്തിരിക്കുന്ന പദ്ധതിയാണെന്ന് അറിയാം. എത്രയും വേഗം രണ്ടാം ഘട്ടം യാഥാർത്ഥ്യമാക്കാൻ ശ്രമിക്കും. കാക്കനാട് പാതയുടെ നിർമ്മാണത്തിന് കേന്ദ്രാനുമതിക്ക് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

# ഭരണരംഗത്ത് പരിചയസമ്പന്നൻ

കേരള ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ, ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്, മലബാർ സിമന്റ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായി അൽക്കേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കേരള ടൂറിസം, ഇൻഡസ്ട്രീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ എന്നിവയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. ബി.പി.സി.എൽ., അപ്പോളോ ടയേഴ്സ്, ജിയോജിത് ബി.എൻ.പി പാരിബാസ് എന്നിവയുടെ ഡയറക്ടറായിരുന്നു. തൃശൂർ, മലപ്പുറം ജില്ലകളിൽ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.