ആലുവ: ആലുവ ട്രൈബൽ എക്‌സ്റ്റെൻഷൻ ഓഫീസിൽ ആവശ്യത്തിന് സൗകര്യമില്ലെന്ന് കേരള ഉള്ളാടൻ മഹാസഭ ജില്ലാ ഭാരവാഹികൾ ആരോപിച്ചു. ജില്ലയിലെ ആലുവ, പറവൂർ, കൊച്ചി, കണയന്നൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ എന്നീ താലൂക്ക് പരിധികൾക്കുള്ള ഓഫീസ് ആലുവ മിനി സിവിൽ സ്‌റ്റേഷൻ അനക്‌സ് കെട്ടിടത്തിലെ ചെറിയ ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നത്.

ഉള്ളാടൻ, മലയൻ, മുതുവാൻ, മലയരയൻ, മലവേടൻ, മന്നാൻ, കാണിക്കാരൻ, കൊച്ചുവേലൻ, ഊരാളി തുടങ്ങിയ വിഭാഗങ്ങൾക്കുള്ള ഈ ഓഫീസിൽ നിരവധി ഉദ്യോഗസ്ഥരുണ്ട്. അപേക്ഷകൾ, പരാതികൾ എന്നിവയുമായെത്തുന്നവർക്ക് ഒന്ന് ഇരിക്കാൻ പോലും സൗകര്യമില്ലെന്ന് കേരള ഉള്ളാടൻ മഹാസഭ ജില്ല പ്രസിഡൻറ് സലിം തുരുത്തിൽ, സെക്രട്ടറി അജിത്കുമാർ, ജില്ലാ മൂപ്പൻ പ്രകാശൻ എന്നിവർ പറഞ്ഞു. നിലവിലെ ഓഫീസ് മുറിയുടെ എതിർവശത്തെ വലിയഹാൾ ഓഫീസ് പ്രവർത്തനത്തിനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് സംഘടന നിവേദനം നൽകിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.