നെടുമ്പാശേരി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൃഷി വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന 'പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി കുന്നുകര അയിരൂർ എലിത്തുരുത്ത് പാടശേഖരത്തിൽ കൃഷിയിറക്കി.
ഗവ. ജെ.ബി.എസ് സ്‌കൂൾ കുന്നുകര, സെന്റ് ജോസഫ് ഗവ.എൽ.പി സ്‌കൂൾ അയിരൂർ, സെന്റ് തോമസ് സ്‌കൂൾ അയിരൂർ, കുന്ന് വയൽ ഗവ.എൽ.പി സ്‌കൂൾ വയൽകര എന്നീ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കൃഷിയിറക്കാനും നെൽ കൃഷിയെ കുറിച്ച് മനസിലാക്കാനും എലിത്തുരുത്ത് പാടശേഖരത്തിൽ എത്തിയത്. എ.ഡി.സി ഷൈജ, കുന്നുകര കൃഷി ഓഫീസർ സൗമ്യ സണ്ണി, കുറ്റിയാൽ പാടശേഖര സമിതി സെക്രട്ടറി എസ്. ബിജു, എലിഞ്ഞുരുത്ത് പാടശേഖര സമിതി സെക്രട്ടറി പുരുഷോത്തമൻ, കുന്നുവയൽ പാടശേഖര സമിതി സെക്രട്ടറി ഇട്ടീര, എ.സി.സി അംഗങ്ങളായ ബേബി മണവാളൻ, സാബു അയിരൂർ തുടങ്ങിയവരും വിദ്യാർത്ഥികൾക്കൊപ്പം കൃഷിയിറക്കാൻ എത്തിയിരുന്നു.