ഇടപ്പള്ളി:നഗരത്തോട് ചേർന്ന് കിടക്കുന്ന ആളൊഴിഞ്ഞ റെയിൽവേ ഭാഗങ്ങളിൽ ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നത് ഭീഷിണിയായി മാറുന്നു.വടുതല പേരണ്ടൂർ കനാലിനോട് ചേർന്നുള്ള റെയിൽവേ ഭാഗങ്ങളെല്ലാം ഇവരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവിടെ രാത്രിയിൽ കൂട്ടമായി എത്തുന്നവർ വല്ലാർ പാടത്തേക്കുള്ള റെയിൽവേ പാളത്തിലിരുന്നാണ് മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നത് .പാളത്തിന്റെ ഇരുവശത്തും മൂന്നാൾ പൊക്കത്തിൽ പുല്ലുകൾ വളർന്നു നിൽക്കുന്നത് മൂലം ആർക്കും ഇവിടേയ്ക്ക് പെട്ടന്നെത്തിപെടാനാകില്ല. ഇത് ലഹരി മാഫിയ സംഘങ്ങൾക്ക് തുണയാകുന്നു . ഇവിടേക്ക് വരുന്നതിലധികവും യുവാക്കളാണ് .ലഹരി മാഫിയകളുടെ ആക്രമണങ്ങൾ ഭയന്ന് നാട്ടുകാരാരും ഇവിടേയ്ക്ക് പോകാറില്ല .പൊലീസിന് പോലും ഇവിടെ എത്തുകയെന്നത് അത്ര എളുപ്പമല്ല .റോഡിൽ നിന്നും അരകിലോമീറ്ററോളം ദൂരം ദുഷ്കരമായ വഴിയിലൂടെ വേണം ഇവിടെയെത്താൻ .

#രാത്രിയാത്ര സുഖകരമല്ല

രാത്രികാലങ്ങളിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങി പെട്ടന്ന് കെ .എസ് .ആർ .ടി .സി സ്റ്റാൻഡിലേക്കു നടന്നു വരാമെന്നു കരുതിയാൽ ഒന്ന് കൂടി ആലോചിച്ചിട്ട് ഇറങ്ങി തിരിക്കുന്നതായിരിക്കും നല്ലത് . ഏതാനും ദിവസങ്ങൾക്കു മുൻപ് പുലർച്ചെ രണ്ടര മണിയോടെ സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയേ പോയ ഒരു യാത്രക്കാരന് ഇരുട്ടിൽ മറവിൽ നിന്ന് ട്രാൻസ്‌ജെന്റിന്റെ കൂട്ട ആക്രമണം ഉണ്ടായതാണ് ഒടുവിലത്തെ സംഭവം . സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാർ സംഘടിച്ചെത്തിയാണ് ഈ യാത്രക്കാരനെ രക്ഷപെടുത്തിയത് . പൊലീസ് ഈ സമയത്തു ഇവിടെ ഉണ്ടായിരുന്നയെങ്കിലും തിരിഞ്ഞു നോക്കിയില്ല . യാത്രക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ നിരവധി ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് . ഇവിടെയും റെയിൽവേ പാളത്തിന്റെ വശങ്ങളിലായുള്ള ഒഴിഞ്ഞ കെട്ടിടങ്ങൾ ലഹരി സംഘങ്ങളുടെ കേന്ദ്രമാണ് . നോർത്തു റെയിൽവേ സ്റ്റേഷനിലെ രണ്ടു അനധികൃത വഴികൾ ഈ സംഘങ്ങളുടെ ശല്യം കാരണം അടച്ചു പൂട്ടുകയുണ്ടായി .ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്ന വടുതല കൗൺസിലർ ഒ.പി സുനിൽ അവശ്യപ്പെട്ടു.


ചിത്രം - ലഹരി മാഫിയകളുടെ താവളമായി മാറിയ പേരണ്ടൂർ വല്ലാർപാടം റെയിൽവേ
ഭാഗം .(ചിത്രം -മെയിലിൽ)