വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. തദ്ദേശ സ്ഥാപനത്തിന്റെ ലൈസൻസ്, ഭക്ഷണ-പാനീയങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പകർച്ചവ്യാധികളില്ലെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡ്, ആരോഗ്യകരമായ സാഹചര്യം എന്നിവയില്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കുൾപ്പെടെ നിയമ നടപടി തുടങ്ങി. ഒൻപത് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. ന്യൂനതകൾ കണ്ടെത്തിയ മറ്റ് സ്ഥാപനങ്ങൾക്കെതിരെ നടപടികളാരംഭിച്ചു. മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി. കീർത്തിയുടെ നിർദ്ദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് പി.ജി. ആന്റണി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നിഷ.എ.കെ., ആനന്ദ് സാഹർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.