വൈപ്പിൻ: കൊടുങ്ങല്ലൂർ പോർട്ടിന്റെ നിയന്ത്രണത്തിലുള്ളതും പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നതുമായ മുനമ്പം മണൽക്കടവിൽ നിന്ന് അനധികൃതമായി മണൽക്കടത്തുന്നതായി പരാതി. മുനമ്പം ചെറായി മേഖലയിലെ 28 പേരാണ് പരാതിയുമായി ജില്ലാ കളക്ടർ, പോർട്ട് ചെയർമാൻ, ആലപ്പുഴ പോർട്ട് ഡയറക്ടർ, കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർ, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ സമീപിച്ചത്.
മുനമ്പം കടവിൽനിന്ന് മണൽ ആവശ്യമുള്ളവർ അവരവരുടെ ആധാർകാർഡ് സഹിതം ഓൺലൈനിൽ ബുക്ക് ചെയ്യണമെന്നാണ് നടപടിക്രമം. പോർട്ടിൽ നിന്ന് പാസ് വാങ്ങിയാണ് ഓരോ ലോഡും അയക്കേണ്ടത്. എന്നാൽ ഈ നടപടിക്രമമൊന്നും പാലിക്കാതെ ഏജന്റുമാർ വഴിയാണ് മണൽ ഇപ്പോൾ കടത്തുന്നത്. ഒരു ലോഡ് പാസിന്റെ മറവിൽ ഇരുപതും മുപ്പതും ലോഡുകളാണ് കയറ്റിവിടുന്നതെന്നാണ് പരാതി.

മൂന്ന് ടണ്ണുള്ള ഒരു നിസാൻ ലോഡിന് 3845 രൂപയാണ് കടവിലെ വില. എന്നാൽ അയ്യായിരവും ആറായിരവും രൂപയാണത്രേ ഇപ്പോൾ ഈടാക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് പാസിലാത്ത 3 ലോഡുകൾ പിടിച്ചിരുന്നു. തുടർന്ന് മണൽകയറ്റി വിടുന്നത് പഞ്ചായത്ത്, പോർട്ട്, തൊഴിലാളി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരിക്കണമെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം നടപ്പാകുന്നില്ലെന്നുമാത്രം.