മരട് (കൊച്ചി) : നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പായതോടെ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലെ താമസക്കാരുടെ ഭീതിയും പ്രതിഷേധവും കുറഞ്ഞു. രണ്ട് ദിവസമായി വൈദ്യുതിയും വെള്ളവും ഇല്ലെങ്കിലും ആരും ഒഴിഞ്ഞുപോയിട്ടില്ല.

തീരദേശ നിയമം ലംഘിച്ചതിന് അഞ്ചു ഫ്ളാറ്റുകൾ പൊളിക്കാൻ മേയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ചു മാസമായി പൊളിച്ചുനീക്കൽ ഭീതിയിൽ കഴിയുകയായിരുന്നു 350ൽപ്പരം താമസക്കാർ.

" ഫ്ളാറ്റുകൾ വിലയ്ക്ക് വാങ്ങിയ ഞങ്ങളെക്കുറിച്ചോ നഷ്ടത്തിന് ഉത്തരവാദി ആരാണെന്നോ ഉത്തരവുകളിൽ വ്യക്തമായിരുന്നില്ല. സർക്കാർ തന്നെയാണ് ഞങ്ങൾക്ക് നഷ്ടപരിഹാരം തരേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനാൽ വലിയൊരു നിയമയുദ്ധത്തിന് പോകേണ്ട ബാദ്ധ്യതയും ഒഴിവായി." - മരട് ഭവന സംരക്ഷണസമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവോടെ വിവാദവും തർക്കങ്ങളും അവസാനിക്കുമെന്നാണ് നഗരസഭയുടെയും സർക്കാരിന്റെയും പ്രതീക്ഷ. ഫ്ളാറ്റുകൾ സുഗമമായി ഒഴിപ്പിക്കാൻ കഴിയും. ഒഴിയുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി ചർച്ച നടത്താൻ ഉടമകൾ തയ്യാറായിട്ടുണ്ട്.

സുപ്രീംകോടതി ഹർജി പരിഗണിച്ച ഇന്നലെ സർക്കാരോ നഗരസഭയോ ഒഴിപ്പിക്കൽ നടപടികൾ സ്വീകരിച്ചില്ല. ഒഴിപ്പിക്കൽ ചുമതല നൽകിയ ഫോർട്ടുകൊച്ചി സബ് കളക്ടറും പ്രതികരിച്ചില്ല. സർക്കാർ നിർദ്ദേശപ്രകാരമായിരിക്കും നഗരസഭയുടെ അടുത്ത നടപടികൾ.

ഫ്ളാറ്റുടമകളുടെ ആവശ്യങ്ങൾ

വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചത് താൽക്കാലികമായി തിരിച്ചു തന്ന് ജീവിതം സാധാരണ നിലയിലാക്കാൻ സഹായിക്കണം.

സുപ്രീം കോടതി നിർദ്ദേശിച്ച ആദ്യഗഡുവായ 25 ലക്ഷം രൂപ ഒഴിഞ്ഞുപോകും മുമ്പ് ലഭിക്കണം.

താത്കാലിക പുനരധിവാസം എവിടെയാണെന്ന് ബോദ്ധ്യപ്പെടുത്തി തൃപ്തികരമാണെന്ന് കണ്ടാലേ ഒഴിയൂ.

ബാക്കി തുക സംബന്ധിച്ച് സർക്കാർ രേഖാമൂലം ഉറപ്പു നൽകണം.