high-court
high court

കൊച്ചി : പിറവം പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകി. മലങ്കര മെത്രാപ്പൊലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്ക് മതപരമായ ചടങ്ങു നടത്താമെന്നും 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്ക് പങ്കെടുക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർക്കു തന്നെയായിരിക്കും. ഞായർ കുർബാനയിൽ പങ്കെടുക്കുന്നവരെ തടയുകയോ ക്രമസമാധാന പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് സിവിൽ ജയിലിലേക്ക് മാറ്റാനും ഉത്തരവുണ്ട്.

പള്ളിയിൽ ക്രമസമാധാനം ഉറപ്പാക്കാൻ പൊലീസ് സംരക്ഷണം വേണം. ശവസംസ്‌കാരത്തിന്റെയും കുർബാനയുടെയും സമയം കളക്ടറെയും പിറവം സി.ഐയെയും മുൻകൂട്ടി അറിയിക്കണം. ഒക്ടോബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

ഇന്നലെ സർക്കാർ നൽകിയ റിപ്പോർട്ടിൽ പള്ളി കളക്ടർ ഏറ്റെടുത്തെന്നും യാക്കോബായക്കാരെ ഒഴിപ്പിച്ച് വസ്തു വിവരപ്പട്ടിക തയ്യാറാക്കിയെന്നും വ്യക്തമാക്കിയിരുന്നു. ഹർജിക്കാരിലൊരാളായ ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഇന്ന് പിറവം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നും അടുത്ത ഞായറാഴ്ച കുർബാനയ്‌ക്ക് അനുമതി നൽകണമെന്നും ഓർത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. മരിച്ചവരെ സംസ്‌കരിക്കാൻ സംവിധാനം വേണമെന്ന് വാക്കാൽ പറഞ്ഞ കോടതി ഇതു രണ്ടും അനുവദിച്ചു.

സുപ്രീംകോടതി വിധിയുണ്ടായിട്ടും പിറവം പള്ളിയിൽ ആരാധന നടത്താൻ കഴിയുന്നില്ലെന്ന് കാട്ടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.

 നാമെല്ലാം ഒന്ന്: ഹൈക്കോടതി

തങ്ങളെ പള്ളിയിൽ നിന്ന് പുറത്താക്കാൻ ഓർത്തഡോക്സ് വിഭാഗം പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നുണ്ടെന്ന് യാക്കോബായ വിഭാഗം പറഞ്ഞപ്പോൾ നാമെല്ലാവരും ഒന്നാണെന്നും സുശക്തമായ രാഷ്ട്രത്തിലെ പൗരന്മാരാണെന്നും കോടതി ഓർമ്മപ്പെടുത്തി. മറ്റു പള്ളികളും ഏറ്റെടുക്കാനുണ്ടെന്ന് ഓർത്തഡോക്സ് വിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ക്രമസമാധാന പ്രശ്നമുള്ളതിനാലാണ് പിറവം പള്ളിയിൽ ഇടപെട്ടതെന്നും എല്ലാ പള്ളികളും കളക്ടർ ഏറ്റെടുക്കണമെന്ന് നിർദ്ദേശിക്കാനാവില്ലെന്നും പള്ളികളുടെ കൈമാറ്റവും ഭരണവും സമാധാനപരമായിരിക്കണമെന്നും കോടതി വ്യക്തമാക്കി.