മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുറുമി ഉമ്മർ രാജിവച്ചു. കമ്മിറ്റിയിലെ എൽ.ഡി.എഫ് അംഗങ്ങളായ കെ.ഇ. ഷിഹാബ്, ആമിന മുഹമ്മദ് റാഫി എന്നിവർ നൽകിയ അവിശ്വാസം ഇന്നലെ ചർച്ചചെയ്യാനിരിക്കെയാണ് സുറുമി ഉമ്മർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഈ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഭിന്നതയെ തുടർന്ന് മാസങ്ങളായി പ്രവർത്തനം അവതാളത്തിലായിരുന്നു. കമ്മിറ്റിയിൽ യു.ഡി.എഫിന് മൂന്ന് അംഗങ്ങളും എൽ.ഡി.എഫിന് രണ്ട് അംഗങ്ങളുമാണുള്ളത്. യു.ഡി.എഫ് അംഗങ്ങളുടെ പടലപ്പിണക്കം മൂലം സ്റ്റാൻഡിംഗ് കമ്മിറ്റി കോറം തികഞ്ഞ് കൂടുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ കഴിയാത്ത അവസ്ഥയായിരുന്നു.