മൂവാറ്റുപുഴ: പുതിയതായി മൂവാറ്റുപുഴയിൽ തുടങ്ങുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒക്ടോബർ 1ന് പ്രവർത്തനം ആരംഭിക്കും. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്യും. കോടതി സമുച്ചയത്തിലുള്ള അഡ്വ. കെ.ഒ. യോഹന്നാൻ മെമ്മോറിയൽ ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡോ. കൗസർ ഇടപ്പഗത്ത് അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നമ്പർ 3 എന്നായിരിക്കും കോടതി അറിയപ്പെടുക.

ആക്ടിംഗ് ചീഫ് ജസ്റ്റിസായശേഷം ആദ്യമായി മൂവാറ്റുപുഴയിലെത്തുന്ന ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിമിന് വിപുലമായ സ്വീകരണം നൽകുമെന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.ജി.സുരേഷ് അറിയിച്ചു. ഉൽഘാടന ചടങ്ങിൽ അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ.പ്രഭാകരൻ, വിജിലൻസ് ജഡ്ജി ഡോ.ബി.കലാംപാഷ, കുടുംബക്കോടതി ജഡ്ജി വി.ദിലീപ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രിയാ ചന്ദ്, ഗവ. പ്ലീഡർ ടിഗ്ഗിൻസ് ജോർജ്ജ്, മുൻ ബാർ അസോസിയേഷൻ പ്രസിഡൻറുമാരായ അഡ്വ.വർഗീസ് മാത്യു, അഡ്വ.പോൾ ജോസഫ്, ബാർ അസോസിയേഷൻ സെക്രട്ടറി ടോണി ജോസ് മേമന , അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ പ്രസിഡൻറ് കെ.എം.ജോസഫ് എന്നിവർ പ്രസംഗിക്കും.