കോലഞ്ചേരി: പുതിയ പഞ്ചായത്തിന്റെ പിറവിക്കായി കാതോർക്കുകയാണ് പട്ടിമറ്റത്തുകാർ . വിസ്തൃതിയേറിയ കുന്നത്തുനാട്,കിഴക്കമ്പലം പഞ്ചായത്തുകൾ വിഭജിച്ച് പട്ടിമറ്റം പഞ്ചായത്ത് വരുമെന്നാണ് പ്രതീക്ഷവ. കുന്നത്തുനാട് പഞ്ചായത്തും, കിഴക്കമ്പലവും വിഭജിച്ച് പട്ടിമറ്റം ആസ്ഥാനമായി പഞ്ചായത്തുണ്ടാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കെ കുമ്മനോട്, ചൂരക്കോട്, ചേലക്കുളം, കാവുങ്ങൽ പറമ്പ് വാർഡുകളും കുന്നത്തുനാട് പഞ്ചായത്തിലെ പുന്നോർക്കോട്, കൈതക്കാട്, പട്ടിമറ്റം - 1,2 വാർഡുകളും, ചെങ്ങര സൗത്ത്, നോർത്ത് വാർഡുകളും കൂട്ടിച്ചേർത്താണ് പട്ടിമറ്റം പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കം . പട്ടിമറ്റം മേഖലയിൽ നിന്നും കുന്നത്തുനാട് , കിഴക്കമ്പലം പഞ്ചായത്തുകളിലെത്താൻ ഏഴു കിലോ മീറ്ററോളം ചുറ്റി സഞ്ചരിക്കണം. പട്ടിമറ്റത്ത് നീലിമലയിൽ സർക്കാർ പുറമ്പോക്കായി ഏക്കറു കണക്കിന് സ്ഥലവുമുണ്ട്. വില്ലേജ്,കൃഷി, ഫയർ ഫോഴ്സ്, സർക്കാർ ആശുപത്രി, റെസ്റ്റ് ഹൗസ് എന്നിവ നീലിമലയിലാണ് . അഞ്ച് വർഷം മുമ്പ് പട്ടിമറ്റത്ത് പഞ്ചായത്ത് രൂപീകരിക്കാൻ ഏകദേശ ധാരണയായതാണ് .എന്നാൽ രൂപീകരണത്തെ എതിർത്ത് സ്വകാര്യ കമ്പനി ഹൈക്കോടതിയിൽ ഹർജി നല്കിയതോടെ രൂപീകരണ നീക്കങ്ങൾ നീണ്ടുപോയി. പട്ടിമറ്റം കേന്ദ്രമാക്കി പഞ്ചായത്ത് വേണമെന്നും പഞ്ചായത്തു വന്നാൽ പട്ടിമറ്റം എന്ന പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ നല്കിയ ഹർജി സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടാണ് കോടതി തീർപ്പാക്കിയത്. " മറ്റ "ത്തിനു മുന്നിൽ "പട്ടി " എന്നു വന്നത് ആക്ഷേപ ശരങ്ങൾക്ക് കാരണമാകുന്നു എന്നായിരുന്നു ഹർജിക്കാരന്റെ വാദം. നിലവിൽ പട്ടിമറ്റം പഞ്ചായത്തിലേയ്ക്ക് ചേർക്കാനുദ്ദേശിക്കുന്ന വാർഡുകളിൽ 1200 ലധികം വോട്ടർമാരുമുണ്ട്.
വിഭജനം തിരഞ്ഞെടുപ്പിന് മുമ്പ്
പഞ്ചായത്ത് വിഭജനത്തിനായി ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. അടുത്ത സെപ്തംബറിൽ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ജന സംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന കമ്മീഷൻ ശുപാർശയും നിലവിലുണ്ട്. ശുപാർശകൾ ധനകാര്യ വകുപ്പ് അംഗീകരിച്ചാൽ നിർദ്ദിഷ്ട പഞ്ചായത്ത് വൈകാതെ യാഥാർത്ഥ്യമാകും.
കുന്നത്തുനാട് പഞ്ചായത്ത്18 വാർഡ്
കിഴക്കമ്പലം പഞ്ചായത്ത്
19 വാർഡ്
പുതിയ പഞ്ചായത്തിലേക്ക് മാറുന്ന വാർഡുകൾ:
കിഴക്കമ്പലം: കിഴക്കെ കുമ്മനോട്, ചൂരക്കോട്, ചേലക്കുളം, കാവുങ്ങൽ പറമ്പ്
കുന്നത്തുനാട്: പുന്നോർക്കോട്, കൈതക്കാട്, പട്ടിമറ്റം - 1,2 വാർഡുകൾ, ചെങ്ങര സൗത്ത്, നോർത്ത് വാർഡുകൾ