പിറവം : ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഹെെക്കോടതി നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ഏറ്റെടുത്ത പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയും പരിസരവും ഇന്നലെ ശാന്തമായിരുന്നു. മെത്രാപ്പോലീത്തമാരെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് യാക്കോബായ സഭ ആഹ്വാനം ചെയ്ത ഹർത്താലും സമാധാനപരമായിരുന്നു.
പള്ളിയ്ക്കകത്തും പുറത്തുമായി വനിതകൾ ഉൾപ്പെടെ അഞ്ഞൂറോളം പൊലീസുകാർ നിലയുറപ്പിച്ചിട്ടുണ്ട്. പള്ളി പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാണ്. 50 ഓളം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
പള്ളി മെെതാനത്ത് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് ഇന്നലെ തടസമുണ്ടായില്ല. പള്ളിയിലേയ്ക്കോ പാരീഷ് ഹാളിലേയ്ക്കോ പ്രവേശിക്കാൻ ആരെയും അനുവദിച്ചില്ല. അഡീഷണൽ എസ്.പി. എം.ജെ സോജൻ,ഡിവെെ.എസ്.പി അനിൽകുമാർ, മൂവാറ്റുപുഴ തഹസിൽദാർ പി.എസ്. മധുസൂധൻ നായർ, ആർ.ഡി.ഒ എ.ടി അനിൽകുമാർ തുടങ്ങിയവർ പള്ളിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
യാക്കോബായ വിഭാഗം ആഹ്വാനം ചെയ്ത ഹർത്താലിൽ ഇന്നലെ ടൗണിലും പരിസര പ്രദേശത്തും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. വാഹന ഗതാഗതത്തെ ഹർത്താൽ ബാധിച്ചില്ല. ബാങ്കുകളും സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിച്ചു.
ടൗണിലെ കുരിശുപള്ളികളിൽ പ്രായമായവർ ഉൾപ്പെടെ യാക്കോബായ വിഭാഗത്തിൽപ്പെട്ട മുന്നൂറോളം പേർ ആരാധനയ്ക്കെത്തി. തുടർന്ന് ടൗണിൽ പ്രതിഷേധപ്രകടനവും നടത്തി.