ആലുവയിലെ പ്രവർത്തകരെ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണിച്ച് ടി.ജെ. വിനോദ്
ആലുവ: കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മറ്റി ഓഫീസ് പങ്കജം കവലയിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
മഹാത്മ ഗാന്ധിയെ നിന്ദിക്കുകയും ഗാന്ധി ഘാതകരെ വന്ദിക്കുകയും ചെയ്യുന്ന സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്.
ഇന്ത്യയുടെ ചേരിചേരാ വിദേശനയം കേന്ദ്രം അട്ടിമറിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പ്രചാരണം നടത്താനാണ് പ്രധാനമന്ത്രി പോയതെന്നും ടി.ജെ. വിനോദ് ആരോപിച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് വിനോദ് പ്രസംഗം അവസാനിപ്പിച്ചത്. എറണാകുളത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഒന്നാം സ്ഥാനക്കാരനാണ് വിനോദ്.
പ്രസിഡന്റ് തോപ്പിൽ അബു അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ. ചന്ദ്രശേഖരൻ, മുഹമ്മദ് ഷിയാസ്, ബാബു പുത്തനങ്ങാടി, പി.എൻ. ഉണ്ണികൃഷ്ണൻ, ലത്തീഫ് പൂഴിത്തുറ, ആനന്ദ് ജോർജ്, മുഹമ്മദ് സഗീർ, പി.വൈ. വർഗ്ഗീസ്, സി. ഓമന, ദിലീപ് കപ്രശ്ശേരി, മുംതാസ് ടീച്ചർ, സാജിത അബ്ബാസ്,കെ.കെ. ജമാൽ, എ.കെ. മുഹമ്മദാലി എന്നിവർ സംസാരിച്ചു.
കണ്ടാലും കൊണ്ടാലും പഠിക്കാതെ കോൺഗ്രസ്
ആലുവയിലെ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടിയേക്കാൾ വലുത് ഗ്രൂപ്പ് ആണെന്ന് വ്യക്തമാക്കുന്നതായി ഇന്നലെ ആലുവയിൽ നടന്ന ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങ്.
ബ്ളോക്ക് പ്രസിഡന്റ് ഐ ഗ്രൂപ്പുകാരനാണെങ്കിലും ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും വിളിച്ചിരുന്നു. ഉദ്ഘാടകനാക്കിയതും എ ഗ്രൂപ്പുകാരനായ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനെയാണ്. 24ന് നിശ്ചയിച്ച ഉദ്ഘാടനം അദ്ദേഹത്തിന്റെ അസൗകര്യം നിമിത്തം അവസാനനിമിഷം ഇന്നലത്തേക്ക് മാറ്റിയതാണ്. എന്നിട്ടും അദ്ദേഹം പങ്കെടുത്തില്ല.
ആലുവയിൽ നിന്നുള്ള കെ.പി.സി.സി സെക്രട്ടറി, യു.ഡി.എഫ് ജില്ലാ ചെയർമാൻ, നഗരസഭ ചെയർപേഴ്സൺ തുടങ്ങി എ ഗ്രൂപ്പ് നേതാക്കളെല്ലാം ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും വിട്ടുനിന്നു. ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരും തിരിഞ്ഞു നോക്കിയില്ല.
എ ഗ്രൂപ്പ് അണികളെ പിടിച്ചുനിർത്താനുള്ള അവസാന ശ്രമത്തിലാണ് ഇവിടെ ഗ്രൂപ്പ് നേതൃത്വം. ചടങ്ങിനെത്തിയത് പി.എൻ. ഉണ്ണികൃഷ്ണൻ, ലത്തീഫ് പൂഴിത്തറ, കെ.കെ. ജമാൽ എന്നി എ ഗ്രൂപ്പുകാർ മാത്രം.