കൊച്ചി : സുരക്ഷിത രക്തദാനം യുവതലമുറയിൽ എന്ന വിഷയത്തിൽ ഐ.എം.എ ബ്ലഡ്ബാങ്ക് ഇന്ന് നടത്തുന്ന ബോധവത്ക്കരണ ക്ലാസ് രാവിലെ 10ന് പൂത്തോട്ട സ്വാമി ശാശ്വതീകാനന്ദ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്. ബാബു സുന്ദർ ഉദ്ഘാടനം ചെയ്യും. ഐ.എം.എ സംസ്ഥാന പ്രസിഡന്റും ബ്ലഡ്ബാങ്ക് മെഡിക്കൽ ഓഫീസറുമായ ഡോ. എബ്രഹാം വർഗീസ് നേതൃത്വം നൽകും. 'സുരക്ഷിതമായ രക്തദാനം ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ഐ.എം.എ ബ്ലഡ്ബാങ്ക് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ പാലാരിവട്ടം ലോജിക് സ്കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ മാനേജിംഗ് ഡയറക്ടർ കെ.ആർ.സന്തോഷ് കുമാർ സമ്മാനിക്കും. ദേശീയ രക്തദാന വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 7ന് എറണാകുളം ഐ.എം.എ ബ്ലഡ്ബാങ്കിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മത്സരത്തിലെ ആദ്യ മൂന്ന് വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.