കൊച്ചി: 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി യുവതിക്ക് അനുമതി നൽകി. 1971 ലെ നിയമപ്രകാരം ഗർഭധാരണം നടന്ന് 20 ആഴ്ച പിന്നിട്ടാൽ അബോർഷൻ അനുവദിക്കാനാവില്ല. എന്നാൽ കൃത്രിമ ബീജ സങ്കലനത്തിലൂടെ (ഐ.വി.എഫ്) ഗർഭിണിയായ യുവതിയുടെയും ശിശുവിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉത്തരവ്.

ഗർഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെത്തുടർന്നാണ് കൊല്ലം സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്.ഗർഭം അലസിപ്പിക്കുന്നത് ഈ 37കാരിയുടെ ജീവന് ഭീഷണിയാകുമെന്ന അഞ്ചംഗ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയെങ്കിലും അബോർഷൻ നടത്തണമെന്ന നിലപാടിൽ ഹർജിക്കാരിയും ഭർത്താവും ഉറച്ചു നിന്നു. തുടർന്നാണ് അപകട സാദ്ധ്യത സ്വയം നേരിടണമെന്ന നിർദ്ദേശത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്. അനിവാര്യമായ സാഹചര്യങ്ങളിൽ നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതിയും ഇത്തരം അനുമതി നൽകിയിട്ടുള്ളതും കണക്കിലെടുത്തു.