കൊച്ചി: കാൻസറിനെ തോൽപ്പിച്ച അതിജീവനകഥകളുമായി എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗമുക്തരുടെ കൂട്ടായ്മ. രോഗം ബാധിച്ചിട്ടും ജീവിതത്തെ സധെെര്യം നേരിട്ടവരുടെ അനുഭവങ്ങൾ സദസ്സിനെയാകെ ആവേശമാക്കി. എറണാകുളം ജനറൽ ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗം സംഘടിപ്പിച്ച കൂട്ടായ്മയിൽ പങ്കെടുത്തവർ പകർന്നത് രോഗത്തെ ധീരതയോടെ ചെറുത്തു തോൽപിക്കാമെന്ന സന്ദേശമാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ സമൂഹവും കുടുംബവും ഒപ്പമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രെസ്റ്റ് കാൻസറിനെ അതിജീവിച്ച നർത്തകി ഗുരു ശ്രീദേവി ചടങ്ങിൽ മുഖ്യാതിഥിയായി. തളരാത്ത മനസ്സും നൃത്തത്തോടുള്ള അടങ്ങാത്ത അഭിവാഞ്ചയുമാണ് രോഗത്തെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തനിക്ക് പ്രചോദനമായെന്നും ഡി.എം.ഒ.എം.എ.കുട്ടപ്പൻ , ആശുപത്രി സൂപ്രണ്ട് എ.അനിത, മുൻ ഡി.എം.ഒ ജുനെെദ് റഹ്മാൻ , ഓങ്കോളജിവിഭാഗം തലവൻ ബാലമുരളീകൃഷ്ണ തുടങ്ങിയവർ പകർന്നു നൽകിയത് മരുന്നിനൊപ്പം ആത്മ വിശ്വാസം കൂടിയാണെന്ന് അവർ പറഞ്ഞു . അമ്പതോളം രോഗമുക്തർ പങ്കെടുത്ത കൂട്ടായ്മയിൽ നിരവധി ജീവകാരുണ്യസംഘടന പ്രവർത്തകർ പങ്കെടുത്തു. പലരും രോഗികളെ ജീവിതത്തിലേക്ക് കെെപിടിച്ചുയർത്താൻ സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഓങ്കോളജി വിഭാഗം സംഘടിപ്പിച്ച ആദ്യ കൂട്ടായ്മയാണിതെന്നും ഇത്തരം കൂട്ടായ്മകൾ തുടർന്നു കൊണ്ടുപോകാനാണ് താത്പര്യമെന്നും ഡോ. ബാലമുരളീകൃഷ്ണ പറഞ്ഞു.