കൊച്ചി: തിരഞ്ഞെടുപ്പെന്ന് കേട്ടാൽ മത്സരിക്കാൻ ചാടി വീഴുന്ന കുറേ പേരെ എല്ലാ പാർട്ടികളിലും കണ്ടിട്ടുണ്ട്. ഇതിനായി പലരും വിവിധ കാരണങ്ങൾ നിരത്തും. എറണാകുളം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആരും എത്തി നോക്കിയിട്ടില്ല. പത്രിക സമർപ്പിക്കാനുള്ള അഞ്ചു ദിവസങ്ങൾ പിന്നിട്ടിട്ടും ഒരാളു പോലും എത്താത്ത് അദ്ഭുതമാണ്. ഇന്നും നാളെയും അവധിയായതിനാൽ പത്രിക സ്വീകരിക്കില്ല. ഇനി തിങ്കളാഴ്ച പകൽ മൂന്നു മണി വരെ മാത്രമാണ് പത്രിക സമർപ്പിക്കാനുള്ള അവസരം. അന്ന് തിരക്കുണ്ടാകുമെന്ന് കരുതി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്‌ടർ എസ്.സുഹാസ് ഒരു നിർദ്ദേശവും മുന്നോട്ട് വച്ചു. ആദ്യമെത്തുന്നയാളുടെ ക്രമമനുസരിച്ച് പത്രിക സ്വീകരിക്കും.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി അഡ്വ. മനു റോയിയെ വ്യാഴാഴ്ച പ്രഖ്യാപിച്ചെങ്കിലും പത്രികസമർപ്പണം തിങ്കളാഴ്ച മതിയെന്ന് നേരത്തെ നിശ്‌ചയിച്ചിരുന്നു. യു.ഡി.എഫ് , ബി.ജെ.പി സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇടതു മുന്നണി 30 ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിത്വം വ്യക്തമാകുന്നതിനു മുമ്പേ യു.ഡി.എഫ് 29 നും തീയതി കുറിച്ചു. സ്വതന്ത്രൻമാരോ മുന്നണികൾക്കൊമില്ലാത്ത രാഷ്‌ട്രീയ പാർട്ടികളും മത്സരരംഗത്തേക്ക് കടക്കാത്തത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സാധാരണ തിരഞ്ഞെടുപ്പുകളിൽ എറണാകുളത്ത് സ്ഥാനാർത്ഥി ബാഹുല്യമാണുണ്ടാകാറുള്ളത്. അവസാനനിമിഷം കൂടുതൽ പേർ പത്രികസമർപ്പിക്കാനെത്തുമെന്നാണ് കരുതുന്നത്.
മനു റോയ് പ്രചാരണം തുടങ്ങി
ഇടതുമുന്നണി സ്ഥാനാർത്ഥി മനു റോയ് എൽ.ഡി.എഫിനായി മണ്ഡലത്തിൽ ആദ്യ അട്ടിമറി വിജയം നേടിയ എം.കെ. സാനുവിനെ സന്ദർശിച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടർന്ന് മഹാരാജാസ് കോളേജിലുണ്ടായിരുന്നു എ.ലീലാവതിയിൽ നിന്നും അനുഗ്രഹം തേടി. ഹൈക്കോടതിയിലും ജില്ലാ കോടതിയിലുമെത്തി അഭിഭാഷകരോട് വോട്ടു തേടി. തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പ് ജോസ് പുത്തൻ വീട്ടിലിനെ സന്ദർശിച്ച് പിന്തുണ തേടി.
കെട്ടിവയ്‌ക്കാനുള്ള തുക കൈമാറി
അഡ്വ. മനു റോയിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ആൾ ഇന്ത്യാ ലായേഴ്‌സ് യൂണിയൻ നൽകി.
ജില്ലാതല അംഗത്വ വിതരണ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് ജില്ലാ പ്രസിഡന്റ് അഡ്വ.ടി.പി.രമേശ് തുക കൈമാറിയത്. അംഗത്വ വിതരണം ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷൻ മഞ്ചേരി സി. ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു.