കൊച്ചി: സൈബർ സുരക്ഷയെക്കുറിച്ച് മലയാളികൾക്ക് വേണ്ടത്ര അറിവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇക്കാരണത്താലാണ് സൈബർ രംഗത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത്. രാജ്യാന്തര സൈബർ സുരക്ഷാ കോൺഫറൻസ് 'കൊക്കൂൺ 2019' ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൈബർ മേഖലയെക്കുറിച്ചറിയാനും പഠിക്കാനും മലയാളികൾ തയ്യാറാവണം. ഈ മേഖലയെക്കുറിച്ച് നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അത് സാധാരണക്കാരിലേക്കെത്തുന്നില്ല. കേരളത്തിൽ നടന്ന റൊമേനിയൻ തട്ടിപ്പുകേസ് ഇതിന് തെളിവാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. ആ ധാരണ ശരിയല്ല. സൈബർ കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് കേരളം. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകി സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ബെഹ്റ പറഞ്ഞു. ആർട്ടിഫിഷ്യൽ റിയാലിറ്റിയുടെയും വെർച്വൽ റിയാലിറ്റിയുടെയും മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുന്നതാണ് കൊക്കൂണിന്റെ പ്രത്യേകതയെന്ന് എ.ഡി.ജി.പി (ഹെഡ് ക്വാർട്ടേഴ്സ്) മനോജ് എബ്രഹാം പറഞ്ഞു. സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകി പൊലീസിൽ ഡ്രോണുകൾ ഉപയോഗിക്കുന്നത് കൊക്കൂണിൽ ചർച്ച ചെയ്യും.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും 26 പേരും ചേർന്ന് പെരുമ്പറ മുഴക്കിയാണ് കൊക്കൂണിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും.