നെടുമ്പാശേരി: വിമാനം അനിശ്ചിതമായി വൈകിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ജിദ്ദയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വ്യാഴാഴ്ച്ച വൈകുന്നേരം 5.40 ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിച്ചത്. ഈ വിമാനം വ്യാഴാഴ്ച്ച കൃത്യസമയത്ത് പുറപ്പെട്ടെങ്കിലും യന്ത്രതകരാറിനെ തുടർന്ന് അര മണിക്കൂറിനകം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് സർവ്വീസ് റദ്ദാക്കി യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാൽ ബദൽ യാത്ര സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. വിമാനം തകരാർ പരിഹരിച്ച് ഈ വിമാനത്തിൽ തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോകാൻ ഹോട്ടലിൽ നിന്നും യാത്രക്കാരെ ഇന്നലെ ഉച്ചയോടെ വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ എത്തിച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷവും വിമാനം പുറപ്പെട്ടില്ല. ഇതേതുടർന്ന് ഇവരെ വീണ്ടും ഹോട്ടലിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് പകരം സംവിധാനം ഉണ്ടാക്കിയില്ലെന്നാരോപിച്ച് യാത്രക്കാർ ബഹളം വച്ചത്. പിന്നീട് ഇവരെ അനുനയിപ്പിച്ച് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് രാവിലെ 10 മണിയോടെ ഇവർക്ക് ജിദ്ദയിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 217 യാത്രക്കാരെയാണ് ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്.