കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ കെ.പി.സി.സി അംഗീകരിച്ച് ഹൈക്കമാൻഡിന് കൈമാറിയ പട്ടികയിൽ ഡി.സി.സി പ്രസിഡന്റായ ടി.ജെ. വിനോദ് മാത്രം. ഐ ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ മണ്ഡലത്തിൽ ഇനി മാറ്റങ്ങൾക്ക് സാധ്യതയില്ല. ഹൈബി ഈഡൻ എം.പിയുടെ പിന്തുണയും വിനോദിനാണ്. ലത്തീൻ സമുദായാംഗ പരിഗണനയും തുണയായി.
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമാണ്. രണ്ടാം തവണയാണ് ഡെപ്യൂട്ടി മേയർ പദവിയിലെത്തുന്നത്. 1995 മുതൽ നഗരസഭ കൗൺസിലർ. ബികോം ബിരുദധാരിയായ വിനോദ് 1982 ൽ കളമശേരി സെന്റ് പോൾസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് സജീവ രാഷ്‌ട്രീയത്തിലിറങ്ങിയത്. 83 ൽ കൊച്ചി സിറ്റി ജനറൽസെക്രട്ടറിയായി. 83- 85 കാലഘട്ടത്തിൽ സെന്റ് പോൾസിൽ രണ്ടു തവണ യൂണിയൻ ചെയർമാനായി, 85 ൽ കെ.എസ്.യു. എറണാകുളം ജില്ലാ ജനറൽസെക്രട്ടറി. 92 ൽ കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗമായി. 93 ൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി. 2004 ൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി. ടി.എം. ജോസഫ്, സെലിൻ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിമിത. മക്കൾ: സ്‌നേഹ, വരുൺ.