കൊച്ചി : വേമ്പനാട് കായൽ മലിനീകരണത്തിനു മുഖ്യകാരണം ക്രമാതീതമായി പെരുകുന്ന ഹൗസ് ബോട്ടുകളാണെന്നും ഇവയിൽ നിന്ന് മാലിന്യങ്ങൾ കായലിലേക്ക് പുറന്തള്ളുകയാണെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള ലീഗൽ സർവീസ് സൊസൈറ്റി (കെൽസ) നൽകിയ റിപ്പോർട്ടിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് റിപ്പോർട്ട്.
അമിക്കസ് ക്യൂറി മൂന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു.
വേമ്പനാട് കായൽ സംരക്ഷിക്കാനും തീരപരിപാലന നിയമം പാലിക്കാനും സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ 2013 ലും 2016 ലും സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും വേമ്പനാട് എക്കോ ഡെവലപ്മെന്റ് അതോറിട്ടി (വേദ) കൃത്യമായി യോഗം ചേരുന്നില്ലെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ നിന്ന്
ഹൗസ് ബോട്ടുകൾ ടൂറിസം വകുപ്പിന്റെ കുമരകത്തെ സ്വിവറേജ് പ്ളാന്റ് ഉപയോഗിക്കുന്നില്ല
ആലപ്പുഴയിലെ സ്വിവറേജ് പ്ളാന്റ് പ്രവർത്തനരഹിതം
റിസോർട്ടുകൾ കൂണുകൾ പോലെ മുളച്ചു പൊന്തുന്നു
വീട് നിർമ്മിക്കാനുള്ള അനുമതിയിൽ റിസോർട്ട് നിർമ്മിക്കുന്നു
നിലവിലുള്ള വീടുകൾ ഹോം സ്റ്റേയാക്കുന്നു
കുമരകത്ത് തീരപരിപാലന നിയമം ലംഘിച്ച് സർക്കാർ ബോട്ട് ടെർമിനൽ നിർമ്മിച്ചു
റംസാർ മേഖലയിലെ മത്സ്യസങ്കേതം നശിപ്പിച്ചു നിർമ്മിച്ച ടെർമിനൽ പ്രവർത്തനരഹിതം
ഇതിനോടു ചേർന്ന് സ്വകാര്യ റിസോർട്ടിന്റെ നിർമ്മാണം നടക്കുന്നു
സംസ്ഥാന തണ്ണീർത്തട അതോറിട്ടി ഇതു റിപ്പോർട്ട് ചെയ്തെങ്കിലും നടപടിയില്ല
കോട്ടയം നേച്വർ സൊസൈറ്റി മത്സ്യ സമ്പത്തിനെക്കുറിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകിയതിലും നടപടിയില്ല.
ടെർമിനൽ നിർമ്മാണം കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണോ എന്ന് കളക്ടർ വ്യക്തമാക്കണം
വേദയുടെ രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച് റിപ്പോർട്ട് തേടണം