ഇടപ്പള്ളി :നഗരത്തിലുടനീളം മുന്നറിയിപ്പ് ബോർഡുകളൊക്കെ കൃത്യമായുമുണ്ട് .എന്നാൽ അതിന്റെ മുന്നിൽ തന്നെയാണ് പാർക്കിംഗും . തിരക്കേറിയ നഗരത്തിൽ യാത്രക്കാർക്ക് സുരക്ഷിതമായി കാൽനടക്കാൻ ഒരുക്കിയ നടപ്പാത ഒന്നടങ്കം വാഹനങ്ങൾ കൈയ്യേറിയിരിക്കുകയാണ്. തേവര മുതൽ ഇടപ്പള്ളി ടോൾ കവല വരെയാണ് ഈ അവസ്ഥ.നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ട്രാഫിക് പൊലീസ് കർശന മുന്നറിയിപ്പ് നൽകിയെങ്കിലും ഫലമില്ല. ഇരു ചക്ര വാഹനങ്ങൾ മാത്രമല്ല ചിലയിടങ്ങളിൽ കാറുകൾ വരെയാണ് നടപ്പാതയിൽ പാർക്ക് ചെയ്യുന്നത്‌.

#ജില്ലാ ആശുപത്രിക്ക് ഇരുഭാഗത്തും രക്ഷയില്ല

ജില്ലാ ആശുപത്രിയുടെ പ്രധാന കവാടത്തിനു മുന്നിലെ റോഡിന്റെ ഇരുവശത്തുമുള്ള നടപ്പാതകൾ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായിരിക്കുകയാണ്.തലങ്ങും വിലങ്ങും കൊണ്ടുവെക്കുന്ന വണ്ടികൾ കാൽനടയാത്ര പൂർണ്ണമായും തടസ്സപ്പെടുത്തുന്നു . പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ട്രാഫിക് പൊലീസിന്റെ മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് . എന്നാൽ ഇതൊന്നും ആരും കാര്യമാക്കുന്നില്ല .നടപ്പാതകളിലെ തടസ്സങ്ങൾ മൂലം കാൽനടയാത്രക്കാർ റോഡിലൂടെ പോകുന്നത് തിരക്കേറിയ ഇവിടെ പലപ്പോഴും അപകടങ്ങൾക്കു വഴിയൊരുക്കുകയാണ് .

മേനകക്ക് മുന്നിൽ പാർക്കിംഗ് നീളുന്നത് റോഡിലേക്ക്

തന്നിഷ്ടപ്രകാരം പാർക്കിംഗ് ചെയ്യാവുന്ന അവസ്ഥയാണ് മേനകയിൽ .പെന്റാമേനകയുടെ മുൻഭാഗങ്ങളിലായി റോഡിൽ ഒന്നിന് പിന്നിലൊന്നായി മൂന്നു നിരയായിട്ടാണ് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുന്നു. മുൻപ് ട്രാഫിക് പൊലീസ് ഇവിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നതാണ് .അനധികൃത പാർക്കിംഗിന് വാഹനങ്ങളിൽ പൊലീസ് നോട്ടീസ് പതിച്ചു ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു .എന്നാൽ ഈ നടപടികൾ ഇല്ലാതായതോടെയാണ് ഇവിടെ പ്രശ്നങ്ങൾ സങ്കീർണമായത്.

കലൂർ പള്ളിക്കു മുന്നിൽ

കലൂർ പള്ളിക്കു മുന്നിൽ വിശേഷ ദിവസങ്ങളിൽ നടപ്പാത മുഴുവൻ പാർക്കിംഗിനും വ്യാപാരത്തിനും വഴി മാറുകയാണ്. കാൽനടയാത്രക്കാർക്ക് ഒരു വിധത്തിലും കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ് . ഈ വഴിയുള്ള യാത്രക്കാർ റോഡിലൂടെയാണ് നടന്നു പോകുന്നത് .

ഇടപ്പള്ളി റോഡ് ഇരുചക്ര വാഹനങ്ങളുടെ കേന്ദ്രം

ഇടപ്പള്ളിയിൽ നടപ്പാത മാത്രമല്ല റോഡോരവും ഇരുചക്ര വാഹനക്കാർ പൂർണ്ണമായും കൈയടക്കി . ജംഗ്ഷനിലെ ഗുരുവായൂർ റോഡിന്റെ നടപ്പാതയുടെ വശത്തു നൂറു കണക്കിന് വണ്ടികളാണ് രാവും പകലും പാർക്ക് ചെയ്യുന്നത്‌. ഇവിടെ പള്ളിക്കു മുന്നിലെ പാർക്കിംഗിനെ ചൊല്ലി പലപ്പോഴും പ്രശനങ്ങൾ രൂക്ഷമാവുകയാണ് . ടോൾ ജംഗ്ഷനിൽ നടപ്പാത തടസ്സപെടുത്തിയാണ് കാറുകൾ പാർക്ക് ചെയ്യുന്നത് .വലിയ വാഹനങ്ങൾ നടപ്പാതയിലൂടെ കയറ്റിയിറക്കുന്നതു മൂലം തറയിൽ പാകിയിരിക്കുന്ന കോൺക്രീറ്റ് കട്ടകൾ പലയിടങ്ങളിലും നശിക്കുകയും ചെയ്തു .

കർശന നടപടി ഉണ്ടാകും -അസിസ്റ്റന്റ് കമ്മീഷണർ

ജില്ലാ ആശുപത്രിയുടെ ഭാഗത്തു നടപ്പാതകൾ കയ്യേറിയുള്ള പാർക്കിംഗിനെതിരെ കർശന നടപടികൾ ഉണ്ടാകും .ഇവിടെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് .ഇത് പാലിക്കാതെ പാർക്കിംഗ് നടത്തിയവരെ പല തവണ ഒഴിപ്പിച്ചിരുന്നു. മേനകയിലെ പ്രശനത്തിനു പരിഹാരം കാണാനുള്ള നീക്കങ്ങളിലാണ് .ഇവിടെ റോഡിൽ പ്രത്യേക ലൈൻ വരച്ചു ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. പ്രത്യേക പദ്ധതി ഇതിനായി രൂപ കൽപ്പന ചെയ്തു വരികയാണ് .

ടി .ബി.വിജയൻ ,​ സിറ്റി ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ