കൊച്ചി :സഭാ തർക്കം നിലനിന്നിരുന്ന പിറവം വലിയ പള്ളിയിൽ ഹെെക്കോടതി വിധിപ്രകാരം ഇന്ന് ഓർത്തഡോക്സ് വിഭാഗം ആരാധന നടത്തും. 1974 ൽ സഭ രണ്ടായി പിരിഞ്ഞതിനുശേഷം ഓർത്തഡോക്സ് വിഭാഗം പുരോഹിതർ ഒൗദ്യോഗികമായി പങ്കെടുക്കുന്ന ആദ്യ ആരാധനചടങ്ങുകളാണ് ഇന്നത്തേത്.

74 ൽ ഉണ്ടായിരുന്ന ഓർത്തഡോക്സ് പക്ഷത്തെ വികാരിമാർ 85 വരെ ആരാധനകൾ നടത്തിയിരുന്നുവെങ്കിലും 85 ൽ പള്ളിയുടെ പൂർണ്ണ നിയന്ത്രണം യാക്കോബായ പക്ഷത്തിനായി. പിന്നീട് മറുവിഭാഗം വൈദികർക്ക് പള്ളിയിൽ കയറാനായിട്ടില്ല.

രാവിലെ ആറുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് കോടതി നിർദ്ദേശ പ്രകാരം ജില്ലാകളക്ടർ സമയം അനുവദിച്ചിരിക്കുന്നത് .

രാവിലെ ആറരയ്ക്ക് വികാരിമാരായ ഫാ. സ്കറിയ വട്ടക്കാട്ടിൽ , ഫാ.മാത്യൂസ് വാതക്കാട്ട് , ഫാ.മാത്യൂസ് കാഞ്ഞിരക്കാട്ട് , ഫാ. ഏല്യാസ് ചെറുകാട് എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കും. തുടർന്ന് അൾത്താരയിൽ ആരാധനയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തും..

7.30 ന് പ്രഭാത നമസ്കാരം, 8.30 ന് വിശുദ്ധ കുർബാന എന്നീ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനേഷ്യസ് പറഞ്ഞു.

1934 സഭാ ഭരണഘടന അംഗീകരിക്കുന്നവർക്കും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള മറ്റുള്ളവർക്കും കുർബാനയിൽ പങ്കെടുക്കാം. ചടങ്ങുകൾ തടസപ്പെടുത്തുവാനോ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുവാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ അറസ്സ് ചെയ്ത് സിവിൽ ജയിലിൽ അടയ്ക്കാനും ഡിവിഷൻ ബഞ്ച് ഉത്തരവുണ്ട്.

സണ്ടേ സ്കൂൾ , പള്ളിയുടെ കീഴിലുള്ള ആശുപത്രി, സ്കൂൾ , കോളേജ് എന്നിവ ഭരണപരമായ കാര്യങ്ങൾ തുടങ്ങിയവ തുടർകോടതി വിധി അനുസരിച്ചായിരിക്കും.തീരുമാനിക്കപ്പെടുക.

രാവിലെ 6 ന് മൂവാറ്റുപുഴ തഹസിൽദാർ പി.എസ് മധുസൂധനൻ നായർ, ആർ.ഡി.ഒ അനിൽകുമാർ എന്നിവർ പള്ളി ആരാധനയ്ക്കായി തുറന്നുകൊടുക്കും. ഡിവെെ.എസ്.പിമാരായ കെ.ബിജുമോൻ , കെ.അനിൽകുമാർ , പി.ആർ റാഫി പിറവം സി.ഐ.കെ.എസ്.ജയൻ, എസ്.ഐ.വി.ഡി.റെജിരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പള്ളിയിലും പരിസരത്തും. ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.