നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള (സിയാൽ) ഓഹരി ഉടമകൾക്ക് 27ശതമാനം ലാഭവിഹിതം നൽകാൻ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന വാർഷിക പൊതുയോഗം തീരുമാനിച്ചു. 2018-19ൽ 650.34 കോടി രൂപയുടെ മൊത്തം വരുമാനം സിയാൽ നേടിയിരുന്നു. തൊട്ടുമുൻവർഷം ഇത് 553.41 കോടി രൂപയായിരുന്നു.
ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കം മൂലം 15 ദിവസം വിമാനത്താവളം അടച്ചിട്ടെങ്കിലും വരുമാനത്തെ ബാധിച്ചില്ല. 17.52 ശതമാനം വർദ്ധന മൊത്ത വരുമാനത്തിലുണ്ടായി.
സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഉപകമ്പനികളുടെ കൂടി കണക്കെടുക്കുമ്പോൾ 807.36 കോടി രൂപയാണ് മൊത്ത വരുമാനം. ലാഭം 184.77 കോടി രൂപ. ഇതിൽ, സിയാലിന്റെ മാത്രം ലാഭം 167 കോടി രൂപയാണ്. 2017-18ൽ ലാഭം 155.99 കോടി രൂപയായിരുന്നു. സിയാലിൽ 32.41 ശതമാനം ഓഹരിയുള്ള സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 33.48 കോടി രൂപ ലഭിക്കും.
30 രാജ്യങ്ങളിൽ നിന്നായി 18,000 നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വർഷമാണിത്. 2003-04 മുതൽ മുടങ്ങാതെ ലാഭവിഹിതം നൽകുന്നു. 2018-19ലേക്കായി 27 ശതമാനം ലാഭവിഹിതം നൽകാനുള്ള ഡയറക്ടർ ബോർഡ് ശുപാർശ പൊതുയോഗം അംഗീകരിച്ചതോടെ, മൊത്തം ലാഭവിഹിതം 255 ശതമാനമായി ഉയർന്നു. സിയാൽ ഡയറക്ടർമാരായ റോയ് കെ. പോൾ, എ.കെ. രമണി, എം.എ. യൂസഫലി, എ.വി. ജോർജ്, ഇ.എം. ബാബു, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ്, സി.എഫ്.ഒ സുനിൽ ചാക്കോ എന്നിവർ പങ്കെടുത്തു.
ഫോട്ടോ:
സിയാൽ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു