നെടുമ്പാശേരി: നൂറ്റാണ്ടുകളുടെ പഴക്കമുള്ള അവണംകോട് സരസ്വതി ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഇന്നാരംഭിച്ച് ഒക്ടോബർ എട്ടിന് സമാപിക്കും.

എല്ലാ ദിവസവും എഴുത്തിനിരുത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നാഴ്ച്ച മുമ്പ് പുതുതായി ചുമതലയേറ്റ 15 അംഗ ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

നാളെ പുലർച്ചെ അഞ്ചിന് നിർമ്മാല്യ ദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സിനിമാ താരം ദിലീപ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സേവാ ട്രസ്റ്റ് രക്ഷാധികാരി എം.പി. നാരായണൻ മൂത്തമന അദ്ധ്യക്ഷത വഹിക്കും. ദേവസ്വം സെക്രട്ടറി വത്സൻ ചമ്പക്കര ആമുഖപ്രസംഗം നടത്തും. നിയുക്ത മാളികപ്പുറം മേൽശാന്തി മാടവന പരമേശ്വരൻ നമ്പൂതിരിയെ ആദരിക്കും. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ബിജു കർണൻ, കേരള ക്ഷേത്ര സേവാട്രസ്റ്റ് ഭാരവാഹികളായ കെ.എസ്. ബാലഗോപാൽ, ധനഞ്ജയൻ ഭട്ടതിരിപ്പാട്, സി.എസ്. സുജാതൻ തുടങ്ങിയവർ പ്രസംഗിക്കും.

വിവിധ ദിവസങ്ങളിലായി വൈകിട്ട് നൃത്താരാധന, ശാസ്ത്രീയ നൃത്തം, സംഗീത സുധ, സംഗീതാരാധന, സംഗീതകച്ചേരി, നൃത്താരാധന, തായമ്പക, വിചിത്ര വീണാവാദനം എന്നിവ നടക്കുമെന്ന് ജനറൽ കൺവീനർ ബിജു കർണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

പൂജവെയ്പ് ദിനം ഒക്ടോബർ അഞ്ചിനാണ്. ഒക്ടോബർ ഏഴിന് 11.30ന് അന്നദാനം.

സമാപന ദിനമായ ഒക്ടോബർ എട്ടിന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ, സിനിമാതാരം ദിലീപ്, ദിവാകരൻ പിള്ള, ദീപ, രാമചന്ദ്രൻ ഷാരഡി, ശ്രീമൂലനഗരം മോഹൻ, അഡ്വ. ജയശങ്കർ, പ്രദീപ് അവണപറമ്പ് മന, ഡോ. അനിൽ കുമാർ വെൺമണി, ടി.ആർ.വി. നമ്പൂതിരി, മാടവന പരമേശ്വരൻ നമ്പൂതിരി, എ.സി.കെ. നായർ, സിനിമ സംവിധായകരായ ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തുന്നത്.