പറവൂർ : പറവൂരിൽ നിന്നും കോട്ടയിൽ കോവിലകം ഭാഗത്തേക്കുള്ള ബസ് സർവീസുകൾ ഓരോന്നായി നിലയ്ക്കുന്നു. കെ.എസ്.ആർ.ടി.സിക്കു വേണ്ടി ദേശസാൽകൃത റൂട്ടാക്കിയിരിക്കുന്നതിനാൽ നിലവിലുള്ള സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുകയോ പുതിയ ബസുകൾ അനുവദിക്കുകയോ ചെയ്യുന്നില്ല. സർവീസ് നടത്തിയിരുന്ന സ്വകാര്യബസ് സർവീസുകൾ പലതും പെർമിറ്റ് പുതുക്കി നൽകാത്തതിനാൽ നിലച്ചു. കെ.എസ്.ആർ.ടി.സി ഇവിടേക്ക് ആവശ്യത്തിന് സർവീസ് നടത്തുന്നുമില്ല. രാവിലെയും വൈകിട്ടും രണ്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ മാത്രമേ യുള്ളൂ. . സർവീസ് നടത്തുന്ന ബസുകൾ തന്നെ ഇടയ്ക്കിടെ ട്രിപ്പുകൾ മുടക്കുന്നതു യാത്രക്കാർക്ക് ബുദ്ധിമിട്ടുണ്ടാകുന്നു. കരിമ്പാടത്തു നിന്നും കോട്ടയിൽ കോവിലകം വരെയുള്ള പ്രദേശത്തു മുവായിരത്തോളം കുടുംബങ്ങളുണ്ട്. ഇവരെല്ലാം യാത്രാക്ലേശത്താൽ പൊറുതിമുട്ടുകയാണ്. അനേകം വിദ്യാർത്ഥികളാണ് പ്രദേശത്തുനിന്നു പറവൂരിലെയും ചേന്ദമംഗലം, ഗോതുരുത്ത്, പുത്തൻവേലിക്കര മേഖലകളിലെയും വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവർക്കും കൃത്യസമയത്ത് ബസ് കിട്ടുന്നില്ല. വൈപ്പിക്കോട്ട സെമിനാരി, യഹൂദ സിനഗോഗ്, ശ്രീകൃഷ്ണ ക്ഷേത്രം, ജൂത ശ്മശാനം, ജുമാമസ്ജിദ്, മാർശ്ലീവാ പള്ളി തുടങ്ങിയവയുള്ള കോട്ടയിൽ കോവിലകം മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശമാണ്. യാത്ര സൗകര്യമില്ലാത്തത് പ്രദേശവാസികളെയും ഇവിടേയ്ക്ക് എത്തുന്നവരെയും ദുരിതത്തിലാക്കുന്നു. ചേന്ദമംഗലം, ഗോതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും കൂടുതൽ ബസ് സർവീസ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദേശസാൽകൃത റൂട്ടാക്കിയത് വിനയായി
സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകുന്നില്ല
മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശം