തോപ്പുംപടി: പള്ളുരുത്തി മുതൽ തോപ്പുംപടി വരെ സംസ്ഥാന പാതയിൽ പൊടിപൂരം.റോഡിലെ കുഴികളിൽ വിതറിയ മെറ്റൽ പൊടികളാണ് വില്ലനാകുന്നത്.ഇതോടെ കാൽ നടയാത്രക്കാരും വാഹനയാത്രക്കാരും വ്യാപാര സ്ഥാപനങ്ങളും ദുരിതത്തിലായി.കച്ചവടം കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. പള്ളുരുത്തി വെളി, മരുന്നുകട, നട,തോപ്പുംപടി, സുറിയാനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങിലാണ് പൊടിശല്യം രൂക്ഷമായിരിക്കുന്നത് .ഇതുവരെ റോഡിലെ കുഴിമാത്രം സഹിച്ചിരുന്ന ജനം ഇപ്പോൾ പൊടിശല്യവും കൂടി സഹിക്കേണ്ട ഗതിയാണ്.
റോഡിലെ കുഴിയിൽ വീണ് നിരവധി അപകടങ്ങളും നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. സ്ഥലത്തെ നിരവധി സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിട്ടും ഒരു രക്ഷയും ഇല്ല. കുമ്പളങ്ങി പഞ്ചായത്തിലും റോഡ് പണി പാതിവഴിയിലാണ്. റോഡ് പണിയുടെ ഫണ്ട് ലഭിക്കാൻ കാലതാമസം വരുന്നതാണ് പലരും റോഡ് പണിയുടെ കരാർ ഏറ്റെടുക്കാൻ മുന്നോട്ട് വരാത്തത് .
#വെള്ളം നഞ്ഞച്ച് പൊടി കളയുന്നു
വ്യാപാരികളുടെ നിവേദനത്തെ തുടർന്ന് പൊടി രൂക്ഷമായ സ്ഥലങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് ശമനം കാണുന്നത്. മറ്റു ചിലർ സ്വന്തം ചെലവിലാണ് വെള്ളം പമ്പ് ചെയ്യുന്നത്.മഴ മാറി നിന്നിട്ടും റോഡുകൾ നന്നാക്കാൻ അധികാരികൾ ആരും തന്നെ തയ്യാറാകുന്നില്ല.
#എം.എൽ.എ ഫണ്ട് പാസായിട്ടും പണി തുടങ്ങുന്നില്ല
ഇടക്കൊച്ചി ഭാഗത്ത് കുടിവെള്ള പൈപ്പിടാൻ വെട്ടിപൊളിച്ച ഭാഗങ്ങൾ ഇനിയുംനന്നാക്കിയിട്ടില്ല. എം.എൽ.എ ഫണ്ട് പാസായെങ്കിലും ജോലികൾ തുടങ്ങിയിട്ടില്ല.തോപ്പുംപടി ഭാഗത്ത് കട്ട വിരിക്കുന്ന ജോലികൾ ഇപ്പോഴും മന്ദഗതിയിലാണ് നടക്കുന്നത്.