ആലുവ: കുന്നത്തേരി കോമ്പാറ റോഡിൽ കുന്നത്തേരി പള്ളിത്താഴം കലുങ്കിന് സമീപത്ത് നിയന്ത്രണംവിട്ട കാർ റോഡിൽ നിന്ന് ആറ് അടിയോളം താഴെയുള്ള പാടത്തേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തായിക്കാട്ടുകര സ്വദേശിയും രണ്ട് കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഇന്നലെ ഉച്ചക്ക് അപകടമുണ്ടായത്. നായ റോഡിന് കുറുകെ ചാടിയപ്പോൾ വാഹനം വെട്ടിക്കുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഓടിക്കൂടിയ നാട്ടുകാരണ് കാറിൽ നിന്ന് ആളുകളെ രക്ഷിച്ചത്. ഉയരത്തിലുള്ള റോഡിന് ഇരുവശവും ആറടിയോളം ആഴമുള്ള പാടമാണ്. കൊടുംവളവുള്ള ഇവിടെ റോഡിന് വീതിയും കുറവാണ്. കളമശേരി മെഡിക്കൽ കോളജിലേക്ക് ഉൾപ്പടെ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്ന് പോകുന്നത്. ഇവിടെ സംരക്ഷണ ഭിത്തികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എൻജിനിയർക്ക് നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു.