കൊച്ചി : റോഡിൽ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ചു രക്ഷിച്ച വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ അനുമോദിച്ച് ഹൈക്കോടതി ജഡ്‌ജി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കത്തയച്ചു. ഇടപ്പള്ളി ഈസ്‌റ്റ് ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹിളാമണി സെപ്തംബർ 13 നാണ് കലൂരിൽ കുഴഞ്ഞു വീണ പോണേക്കര സ്വദേശി കെ.ബി. ബാബുവിനെ രക്ഷിച്ചത്. ഇത്തരമൊരു സത്പ്രവൃത്തി അഭിനന്ദനമർഹിക്കുന്നെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറേയ്ക്ക് കത്തെഴുതിയത്.
ഒൗദ്യോഗിക കൃത്യ നിർവഹണത്തിനു പുറത്തുള്ള മനുഷ്യത്വപൂർണ്ണമായ പ്രവൃത്തിയാണിതെന്ന് കത്തിൽ പറയുന്നു. കുഴഞ്ഞു വീണ ബാബുവിനെ ഓട്ടോ വിളിച്ച് ലിസി ആശുപത്രിയിലെത്തിച്ചാണ് മഹിളാമണി രക്ഷിച്ചത്.