നെടുമ്പാശേരി: കാണാതായ വനിത പൊലീസുകാരി തിരുവനന്തപുരത്തുണ്ടെന്ന് വിവരം ലഭിച്ചു. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അങ്കമാലി അയ്യമ്പുഴ സ്വദേശി പ്രഭ (44) യെയാണ് വെള്ളിയാഴ്ച്ച രാവിലെ മുതൽ കാണാതായത്.
ഭർത്താവ് അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രഭ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ട് താൻ തിരുവനന്തപുരത്തുണ്ടെന്നും നാട്ടിലേക്ക് മടങ്ങി വരികയാണെന്നും അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ഇവരോട് സ്റ്റേഷനിലെ പ്രത്യേക പരേഡിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. സ്റ്റേഷനിലേക്ക് പോകാൻ ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നും ഇറങ്ങിയ പ്രഭ ദേഹാസ്വാസ്ഥ്യമുണ്ടെന്നും ലീവ് വേണമെന്നും നെടുമ്പാശേരി സ്റ്റേഷനിൽ വിളിച്ച് ആവശ്യപ്പെട്ടു. പിന്നീട് മൊബൈൽ ഫോൺ ഓഫായ നിലയിലുമായിരുന്നു.
പ്രഭ സഞ്ചരിച്ച ഇരുചക്ര വാഹനം ഇന്നലെ രാവിലെ അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
അടിക്കടിയുള്ള സ്ഥലം മാറ്റവും അമിത ജോലി ഭാരവും മൂലമാണ് പ്രഭ നാട് വിട്ട് പോകാൻ ഇടയാക്കിയതെന്ന് മകൻ അജിൽ സുരേഷ് പറഞ്ഞു. ഏതാനും നാളുകളായി മാതാവ് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചു വരികയായിരുന്നുവെന്നും അജിൽ പറഞ്ഞു.