കൊച്ചി : മരട് ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ താമസക്കാരോടും ഒഴിയാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ നിയോഗിച്ച നഗരസഭാ സെക്രട്ടറി സ്‌നേഹിൽ കുമാർ സിംഗിന്റെ മേൽനോട്ടത്തിലാണ് നടപടികൾ.
പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും ബലപ്രയോഗം ഉണ്ടാവില്ല. ഒഴിയുന്നവർക്കായി അഞ്ഞൂറോളം ഫ്ലാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. താമസക്കാർ തന്നെ വാടകനൽകണം. ഒഴിഞ്ഞ് പോകാനുള്ള സഹായങ്ങളും നഗരസഭ വാഗ്ദാനം ചെയ്തു.
എന്നാൽ തങ്ങളുടെ നിബന്ധനകൾ പാലിക്കാതെ ഒഴിയില്ലെന്ന് ആവർത്തിക്കുകയാണ് ഫ്ലാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കണം, നഷ്ടപരിഹാരം കൈയോടെ ലഭിക്കണം, വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിക്കണം, സമാധാനപരമായി ഒഴിഞ്ഞ് പോകാനുള്ള സമയം അനുവദിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഇന്ന് മുതൽ അവർ ഹോളി ഫെയ്‌ത്ത് ഫ്ലാറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. ഇന്നലെ വൈകിട്ട് റാന്തൽ തെളിയിച്ച് പ്രതിഷേധിച്ചു.
പൊളിക്കൽ സ്ഫോടനത്തിലൂടെ
നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് പൊളിക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും കാലതാമസം നേരിടുമെന്നതിനാലാണ് ഉപേക്ഷിച്ചത്.