monisha-

ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലെയ്‌നിലെ അപ്പാർട്ട്‌മെന്റിൽ യുവതിയുടെയും യുവാവിന്റെയും അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. പാലക്കാട് മുടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ട്.

തോട്ടയ്ക്കാട്ടുകര തേവലപ്പുറത്തെ ഇക്ബാലിന്റേതാണ് മൃതദേഹങ്ങൾ കാണപ്പെട്ട മൂന്നുനില കെട്ടിടം. ഒന്നാമത്തെയും മൂന്നാമത്തെയും നിലയിലെ രണ്ട് അപ്പാർട്ടുമെന്റുകൾ വാടകയ്ക്കെടുത്തിരുന്ന സതീഷ് ഒന്നാംനിലയിൽ കുടുംബസമേതം താമസിച്ച്,​ മുകൾനിലയിൽ ഐ.എം.എ ഡിജിറ്റൽ സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു.സ്റ്റുഡിയോയിൽ ജോലി ചെയ്‌തിരുന്നയാളാണ് അവിവാഹിതനായ രമേശ്. രണ്ടു മാസത്തോളമായി സതീഷ് ഇവിടെ നിന്ന് രണ്ടു കുട്ടികൾക്കുമൊപ്പം സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നതായി പറയപ്പെടുന്നു.

ദുർഗന്ധത്തെ തുടർന്ന് ഇന്നലെ ഉടമ സ്ഥലത്തെത്തി മൂന്നാം നില തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഭിത്തിയിൽ രണ്ടടിയിലേറെ ഉയരത്തിൽ രക്തപ്പാടുകളുണ്ട്. രമേശിന്റെ ശരീരത്തിന് മുകളിൽ കുറുകെയായിരുന്നു മോനിഷയുടെ മൃതദേഹം. മൃതദേഹങ്ങൾ ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.