കൊച്ചി: വാഹനങ്ങളുടെ ഗ്ലാസിൽ ഫിലിം പതിപ്പിക്കുന്നതിനും കാഴ്ച്ച മറക്കുന്ന രീതിയിൽ കർട്ടനോ മറ്റേതെങ്കിലും സാമഗ്രികളോ സ്ഥാപിക്കുന്നതിനുമെതിരെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കർശന നടപടിക്ക് തുടക്കം കുറിച്ചതായി ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്) ജി. അനന്തകൃഷ്ണൻ അറിയിച്ചു. സർക്കാർ വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
വാഹനങ്ങളുടെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള വിൻഡ് സ്‌ക്രീൻ ഗ്ലാസുകൾ 70 ശതമാനത്തിൽ കുറയാതെ കാഴ്ച ലഭിക്കുന്ന വിധത്തിൽ സുതാര്യമായിരിക്കണം. ഡോർ ഗ്ലാസുകൾ 50 ശതമാനത്തിൽ കുറയാതെയും കാഴ്ച ലഭിക്കുന്ന തരത്തിലായിരിക്കണം. മോട്ടോർ വാഹന നിയമത്തിൽ നിർദേശിച്ചിട്ടുള്ളത് പ്രകാരമുള്ള സിഗ്നലിംഗ്, ഡയറക്ഷൻ ഇൻഡിക്കേറ്ററുകൾ, റിഫ്ളക്ടറുകൾ, റിഫ്ളക്ടീവ് ടേപ്പുകൾ, ലാമ്പുകൾ, പാർക്കിംഗ് ലൈറ്റുകൾ എന്നിവയും നിർബന്ധമായി ഉണ്ടായിരിക്കണം.
വിനൈയിൽ ടിന്റ് ഫിലിം ഉപയോഗിച്ച് ലൈറ്റുകളും റിഫ്ലക്ട്ടറുകളും ആകർഷണീയമാക്കുന്നതും അനുവദിക്കില്ല. എൽ.ഇ.ഡി ബാർ ലൈറ്റുകൾ, എൽ.ഇ.ഡി ഫ്ളെക്സിബിൾ സ്ട്രിപ്പ് ലൈറ്റുകൾ, വാഹനത്തിന്റെ തനതല്ലാത്ത ഹാലജൻ ഡ്രൈവിംഗ് ലാമ്പുകൾ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. കെ.എസ്.ആർ.ടി.സി, കെ.യു.ആർ.ടി.സി എന്നിവ അടക്കമുള്ള വാഹനങ്ങളിൽ മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെയോ കാൽനടയാത്രക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും എഴുത്തുകളും പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.