കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണ കരാറുകാരന് 8.25 കോടി രൂപ മുൻകൂറായി നൽകിയത് മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ താത്‌പര്യ പ്രകാരമാണെന്ന് സംശയിക്കുന്നതായി വിജിലൻസ്. കേസിൽ പ്രതിയായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിനെ വീണ്ടും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിഗമനം വിജിലൻസ് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
ഏഴു ശതമാനം പലിശയ്ക്ക് മുൻകൂർ തുക നൽകിയതിലൂടെ ഖജനാവിന് 56 ലക്ഷം രൂപ നഷ്ടമുണ്ടായെന്ന് വിജിലൻസ് വിലയിരുത്തുന്നു. എ.ജിയുടെ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴും മന്ത്രിയുടെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചതെന്ന് സൂരജ് മൊഴി നൽകി. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ ബോധിപ്പിക്കും.
സൂരജും മറ്റു പ്രതികളായ സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, ബെന്നി പോൾ എന്നിവരും നൽകിയ ജാമ്യഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് നേരത്തേ സത്യവാങ്മൂലം നൽകിയ വിജിലൻസ് ഇപ്പോൾ അധിക സത്യവാങ്മൂലത്തിനാണ് ഒരുങ്ങുന്നത്. ജാമ്യാപേക്ഷകൾ നാളെ കോടതി പരിഗണിക്കും.