കൊച്ചി: സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ ആളില്ലാ പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. രാജ്യാന്തര സൈബർ സുരക്ഷാസമ്മേളനം കൊക്കൂൺ 2019ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പൊലീസ് സ്‌റ്റേഷൻ കടലാസ് രഹിതമായിട്ടാവും പ്രവർത്തിക്കുക. ദുബായിലെ ആളില്ലാ പൊലീസ് സ്‌റ്റേഷനാകും കേരളവും മാതൃകയാക്കുക.
സൈബർ സുരക്ഷയ്ക്കായി സംസ്ഥാന സർക്കാർ 100 കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്. അടുത്ത കൊക്കൂൺ 2020 സെപ്തംബർ 11, 12 തീയതികളിൽ നടക്കും. നിർമിത ബുദ്ധിയും മെഷിൻ ലേണിംഗും സാമൂഹിക സുരക്ഷയ്ക്ക് എന്ന വിഷയത്തിലായിരിക്കും സമ്മേളനം. 'ക്രിപ്‌റ്റോ കറൻസി' എന്ന വിഷയത്തിൽ വിശദമായ ചർച്ചയും നടക്കും. മികച്ച പ്രബന്ധത്തിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. ജൂൺ 30 നാണ് പ്രബന്ധങ്ങൾ അയയ്‌ക്കേണ്ട അവസാന തീയതി.
നടൻ മോഹൻലാൽ മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മോഹൻലാലും ഡി.ജി.പി ലോക്‌നാഥ് ബഹ്റയും ചേർന്ന് സമ്മാനങ്ങൾ നൽകി. എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, ഡി.ഐ.ജി പി.പ്രകാശ് എന്നിവർ സംസാരിച്ചു. 40 രാജ്യങ്ങളിൽ നിന്നായി 800ലധികം സൈബർ വിദഗ്ദ്ധർ പങ്കെടുത്തു.