കൊച്ചി : വ്യാജബിൽ തയ്യാറാക്കി സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ എറണാകുളം സെൻട്രൽ ബുക്ക് ഡിപ്പോയിൽ സ്റ്റോർ കീപ്പറായിരുന്ന കെ.ജെ. ജോസഫിന് മൂവാറ്റുപുഴ വിജിലൻസ് കോടതി നാലു വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 1998 - 99 കാലഘട്ടത്തിൽ എറണാകുളം സെൻട്രൽ ബുക്ക് ഡിപ്പോയുടെ കീഴിലുള്ള മട്ടാഞ്ചേരി ഗോഡൗണിൽ പേപ്പർ റീലുകളും ബണ്ടിലുകളും അട്ടിമാറ്റി സ്ഥാപിക്കാതെ അങ്ങനെ ചെയ്തെന്ന് രേഖയുണ്ടാക്കി 2.89 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയതിൽ ഇതിന്റെ കരാറുകാരനായിരുന്ന വിജയകുമാറിനും പങ്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിചാരണ കാലയളവിൽ ഇയാൾ മരിച്ചു. തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് വിജയകുമാറിനെ ഒഴിവാക്കി. മുൻ വിജിലൻസ് ഡിവൈ.എസ്.പി ജോഗേഷാണ് അന്വേഷണം നടത്തിയത്.