കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദും കളത്തിലിറങ്ങിയതോടെ എറണാകുളത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗതയേറി. ഇടതു സ്വതന്ത്രനായ അഡ്വ. മനു റോയ് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി ആരെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
സ്ഥാനാർത്ഥി നിർണയം വൈകിയതോടെ ഒരുപടി മുന്നിലെത്താൻ യു.ഡി.എഫ് നേരത്തെ കൺവെൻഷൻ നിശ്‌ചയിച്ചിരുന്നു. ഇന്ന് വൈകിട്ട് നാലു മണിക്ക് എറണാകുളം ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഇടതു മുന്നണിയുടെ കൺവെൻഷൻ മറ്റന്നാൾ വൈകിട്ട് നാലിന് മറൈൻഡ്രൈവിൽ സംസ്ഥാന കൺവീനർ എ.വിജയരാഘൻ ഉദ്ഘാടനം ചെയ്യും. ഇതുവരെ ഒരാൾ പോലും പത്രിക സമർപ്പിച്ചിട്ടില്ല. ഇന്ന് അവധി. തിങ്കളാഴ്ച മൂന്നു മണി വരെ മാത്രമാണ് സമയം. സ്വതന്ത്രൻമാരായി പോലും ആരും രംഗത്തെത്തിയിട്ടില്ല.
മറ്റ് മണ്ഡലങ്ങളിലെ ആശയക്കുഴപ്പം മൂലം ബി.ജെ.പിയുടെ എറണാകുളത്തെ സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകുകയാണ്. ഇന്ന് എന്തായാലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെ പറ്റൂ. മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിനാണ് സാധ്യത. മുന്നണി സ്ഥാനാർത്ഥികൾ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കാനുമാണ് ഇന്നലെ സമയം കണ്ടെത്തിയത്.