കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്ന ബാങ്ക് ലയനങ്ങൾ അവസാനിപ്പിക്കണമെന്ന് ദേശീയ പ്രസിഡന്റ് ജെ.പി. ശർമ്മ ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുവാനും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടും ജനസമ്പാദ്യം ജനന്മയ്ക്ക് ഉതകണമെന്നുമുള്ള ആശയമാണ് പൊതുമേഖല മുന്നോട്ടുവയ്ക്കുന്നത്. സമ്പന്നരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വലിയ ബാങ്കുകൾ വേണമെന്ന കാഴ്ചപ്പാടിലാണ് ബാങ്ക് ലയനം ആസൂത്രണം ചെയ്യുന്നത്. ജനങ്ങൾക്കും ഇടപാടുകാർക്കും ദ്രോഹകരമായ അസോസിയേറ്റ് -എസ്.ബി.ഐ ലയനം പാഠമാക്കി ലയനനീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി സി.ഡി. ജോസൺ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഇ.യു ജനറൽ സെക്രട്ടറി എസ്.കെ. സംഗ്താനി, എ.കെ.ബി.ഇ.എഫ് ഓർഗനൈസിംഗ് സെക്രട്ടറി ബി. രാംപ്രകാശ്, എസ്. രാമകൃഷ്ണൻ, ഡി. അരുൺകുമാർ, എം.ജി. പൈ, കെ.പി. മോഹനൻ, പ്രകാശ് ദിവാകരൻ, ബി.വി. ബാലകൃഷ്ണപൈ, ഗോത്കർ സുഭഹൻ, എ.കെ.ബി.ഇ.എഫ് ജില്ലാ ചെയർമാൻ പി. രാജൻ, സെക്രട്ടറി പി.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.