apk
അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരളയുടെ വാർഷിക പൊതുയോഗം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്.ബി. പ്രഭാകർ, എ.എൽ.ആർ.എം. നാഗപ്പൻ ബി.പി. കരിയപ്പ, വി.കെ. അജിത്ത് എന്നിവർ സമീപം

കൊച്ചി: മേൽമണ്ണിന്റെ ജൈവസ്വഭാവം നിലനിറുത്തുന്ന കാർഷികരീതി കേരളത്തിൽ നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാൻ അടുത്ത മാർച്ചിന് മുമ്പ് പുതിയ കൃഷിരീതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരളയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ണിന്റെ ജൈവസ്വഭാവം നിലനിറുത്തി ഉത്പാദനം കൂട്ടുന്നതിനാണ് സർക്കാരിന്റെ മുൻഗണന. കേരളത്തെ അഞ്ച് അഗ്രോ ഇക്കോളജിക്കൽ മേഖലകളായി തിരിച്ച്, മണ്ണിന്റെ ഘടനയ്ക്ക് അനുസരിച്ചുള്ള കൃഷിരീതിയാണ് നടപ്പാക്കുക. കാർഷിക മേഖലയിലെ പ്രതിസന്ധി പ്ലാന്റേഷൻ മേഖലയെയും ബാധിച്ചിട്ടുണ്ട്. ആർ.സി.ഇ.പി കരാർ കേരളത്തെ ഏറെ ദോഷകരമായി ബാധിക്കും. കരാറിനെതിരെ കാർഷിക മുന്നേറ്റം ഉണ്ടാകണം. തോട്ടവിളകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ഒഫ് പ്ലാൻസ്റ്റേഴ്‌സ് ഒഫ് കേരള ചെയർമാൻ ബി.പി. കരിയപ്പ, സെക്രട്ടറി ബി.കെ. അജിത്, വൈസ് ചെയർമാൻ എസ്.ബി. പ്രഭാകർ, ഉപാസി പ്രസിഡന്റ് എ.എൽ.ആർ.എം. നാഗപ്പൻ, വി.കെ. അജിത് എന്നിവർ പങ്കെടുത്തു.