sreedharan
ഫൗണ്ടേഷൻ ഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് കലൂർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഇ. ശ്രീധരൻ സംസാരിക്കുന്നു

കൊച്ചി : കോളേജുകളിൽ സമാധാന അന്തരീക്ഷം നിലനിറുത്താനും വിദ്യാർത്ഥികളെ പഠനേതരകാര്യങ്ങളിൽ സജീവമാക്കാനും പ്രിൻസിപ്പൽമാർ ജാഗ്രത പുലർത്തണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ നിർദ്ദേശിച്ചു. ഫൗണ്ടേഷൻഫോർ റിസ്റ്റൊറേഷൻ ഒഫ് നാഷണൽ വാല്യൂസ് (എഫ്.ആർ.എൻ.വി) സംഘടിപ്പിച്ച ശില്പശാലയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കോളേജുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിൽ പരമാധികാരം പ്രിൻസിപ്പൽമാർക്കാണെന്ന് ഹൈക്കോടതി ഒന്നിലേറെ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യശക്തികൾ ഇടപെട്ടാൽ കോടതിയുടെ സഹായവും പ്രിൻസിപ്പൽമാർ തേടണം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, കാമ്പസ് ശുചീകരണം, സാമൂഹ്യസേവനം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കണം. വെറുതെയിരിക്കുന്ന മനസിലാണ് തിന്മകൾ പ്രവർത്തിക്കുകയെന്ന പഴഞ്ചൊല്ല് ഓർമ്മിക്കണമെന്ന് എഫ്.ആർ.എൻ.വി സ്ഥാപക പ്രസിഡന്റ് കൂടിയായ ഇ. ശ്രീധരൻ പറഞ്ഞു.

ജസ്റ്റിസ് കെമാൽപാഷ ശില്പശാല ഉദ്ഘാടനം ചെയ്തു. എഫ്.ആർ.എൻ.വി കൺവീനർ ഡോ. ദേവികമേനോൻ പ്രസംഗിച്ചു. കലാലയങ്ങളിൽ ധാർമ്മികതയും മൂല്യങ്ങളും അച്ചടക്കവും വീണ്ടെടുക്കുകയെന്ന വിഷയത്തിൽ നടന്ന ശില്പശാലയിൽ കോളേജ് പ്രിൻസിപ്പൽമാരും മുൻ പ്രിൻസിപ്പൽമാരും പങ്കെടുത്തു.