കാലടി: രാത്രിയിൽ പെട്രോൾപമ്പിൽ പാർക്ക് ചെയ്തിരുന്ന ശ്രേയസ്, വിനായക ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത പ്രതികളെ പൊലീസ് പിടികൂടി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ചൊവ്വര, എടനാട് കരയിൽ, തെറ്റാലിയിൽ തേവലക്കാട്ടു മാലിവീട്ടിൽ രാജുവിന്റെ മകൻ ബിബിൻ (28), ശ്രീഭൂതപുരം പടിക്കപ്പറമ്പിൽവീട്ടിൽ അബുവിന്റെ മകൻ അനീഷ് (30) എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രൈവറ്റ് ബസ് തൊഴിലാളികളാണ് ഇരുവരും. ബിബിൻ പുളിക്കൽ ബസിലെ ഡ്രൈവറും അനീഷ് ഹോളി ഫാമിലി ബസിലെ കണ്ടക്ടറുമാണ്.

പൊലീസ് പറയുന്നത്: ആലുവ - കാഞ്ഞൂർ - കാലടി റൂട്ടിലോടുന്ന ശ്രേയസ് ബസ് എട്ട് മാസം മുമ്പ് തിരുവൈരാണിക്കുളത്ത് വെച്ച് ഒരു അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ അനീഷിന്റെ ഭാര്യക്ക് പരിക്കേറ്റിരുന്നു. ചികിത്സക്കായി 25000 രൂപ ശ്രേയസ് ബസിന്റെ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുക നൽകാൻ ഉടമകൾ തയ്യാറാകാതിരുന്നതാണ് ബസ് ആക്രമിക്കാൻ കാരണം.