കൊച്ചി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷനും ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമം പരിപാടി ഉദ്ഘാടനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചെയ്തു. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആജീവനാന്ത നേട്ടങ്ങൾക്കുള്ള പുരസ്‌കാരം കാർഡിയോളജിസ്റ്റും തിരുവല്ല പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി വിഭാഗം മേധാവിയുമായ പ്രൊഫ. കെ. വേണുഗോപാലിന് ജസ്റ്റിസ് ആന്റണി ഡൊമിനിക് സമ്മാനിച്ചു. അവാർഡ് തുകയായ 25,000 രൂപ ഡോ. വേണുഗോപാൽ ഹാർട്ട് കെയർ ഫൗണ്ടേഷന് സംഭാവന ചെയ്തു.
ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ആറുപേരെ ജസ്റ്റിസ് ആന്റണി ഡോമിനിക് ആദരിച്ചു. ഹാർട്ട് കെയർ ഫൗണ്ടേഷൻ മാസികയായ കെയറിംഗ് ഹാർട്ടിന്റെ 50-ാം പതിപ്പ് ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ ഐ.എം.എ നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസിന് നൽകി പ്രകാശിപ്പിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ട്രസ്റ്റിമാരായ ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.