cg
എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ കടവന്ത്ര ഉദയനഗർ നോർത്തിന്ത്യൻ അസോസിയേഷൻ പ്രവർത്തകർ നൽകിയ സ്വീകരണത്തോടെ പ്രചാരണം ആരംഭിച്ചപ്പോൾ

കൊച്ചി : രാഷ്ട്രീയത്തിനുമപ്പുറമുള്ള ബന്ധങ്ങളുടെ കരുത്തുമായാണ് മുത്തു എന്ന സി.ജി. രാജഗോപാൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി രണ്ടാമങ്കം കുറിയ്ക്കുന്നത്. നഗരത്തിലെ വിപുലമായ ബന്ധങ്ങളാണ് ഉപതിരഞ്ഞെടുപ്പിൽ നറുക്ക് രാജഗോപാലിന് അനുകൂലമായത്.

2011 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു രാജഗോപാൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്നു. 2005 ൽ നഗരസഭാ തിരഞ്ഞെടുപ്പിൽ കലൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയായിരുന്നു.

കലൂർ സ്വദേശിയായ രാജഗോപാൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും കയറ്റുമതി മാനേജ്മെന്റിൽ ഡിപ്ളോമയും നേടിയിട്ടുണ്ട്. ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റാണ്. ഭാഷാന്യൂനപക്ഷ സംഘടയുടെ സംസ്ഥാന കൺവീനർ, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം, വി.എച്ച്.പി പ്രാന്ത സമ്പർക്കപ്രമുഖ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി, ട്രഷറർ, എന്നീ നിലകളിലും പ്രവർത്തിച്ചു.ആർ.എസ്.എസ് പ്രവർത്തകനാണ്.

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹി, നമോ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, യൂത്ത് ഫോർ നേഷൻ മേഖലാ ജനറൽ കൺവീനർ, ശ്രീരാമകൃഷ്ണ സേവാശ്രമം മാനേജിംഗ് കമ്മിറ്റി അംഗം, ഗൗഡസാരസ്വത ബ്രാഹ്മണ വികാസ് പരിഷത്ത് ജില്ലാ സമിതി അംഗം, സുധീന്ദ്ര ആശുപത്രി പി.ആർ.ഒ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടും പ്രവർത്തിക്കുന്ന അദ്ദേഹം നഗരവാസികൾക്ക് സുപരിചിതനാണ്.

ഇന്ന് പത്രിക സമർപ്പിക്കും

സി.ജി രാജഗോപാൽ ഇന്ന് ഉച്ചയ്ക്ക് 12 ന് കാക്കനാദ് കളക്ടറേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിക്കും. ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്റെ നേതൃത്വത്തിലാണ് പത്രിക സമർപ്പിക്കാൻ എത്തുന്നത്.

കടവന്ത്ര ഉദയനഗർ നോർത്തിന്ത്യൻ അസോസിയേഷൻ നൽകിയ സ്വീകരണത്തോടെയാണ് രാജഗോപാൽ പര്യടനം ആരംഭിച്ചത്. സി. രാധാകൃഷ്ണൻ, കെ.എൽ. മോഹനവർമ്മ, എറണാകുളം കരയോഗം ഭാരവാഹികളായ പി. രാമചന്ദ്രൻ, കെ.പി.കെ മേനോൻ, കണയന്നൂർ താലൂക്ക് എൻ.എസ്.എസ് നേതാവ് ഗോവിന്ദൻകുട്ടി, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, ശ്രീനാരായണ സേവാസംഘം നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, പി. രാജൻ, മുൻ ഡി.ജി.പിമാരായ എം.ജി.എ രാമൻ, പത്മനാഭൻ, കർദ്ദിനാൾ ജോർജ് ആലഞ്ചേരി എന്നിവരെ സന്ദർശിച്ചു.

ആർ.എസ്.എസ് കാര്യാലയത്തിലെത്തി മുതിർന്ന പ്രചാരകരായ എം.എ. കൃഷ്ണൻ, ആർ. ഹരി എന്നിവരുടെ അനുഗ്രഹം വാങ്ങി. എളമക്കര പുന്നയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവതോത്സവത്തിലെ കൊടിമര ഘോഷയാത്രയിലും പങ്കെടുത്തു. കതൃകടവ്, കലൂർ, ആസാദ് റോഡ് ഭാഗങ്ങളിലെ വോട്ടർമാരെയും സുഹൃത്തുക്കളെയും അയൽവാസികളെയും കണ്ട സ്ഥാനാർത്ഥി ഇന്ന് മുതൽ പ്രചാരണരംഗത്ത് സജീവമാകും.