ആലുവ: കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റുകൾ ലൈവ് ക്യാരിക്കേച്ചർ ഷോ സംഘടിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ചു. ഇബ്രാഹിം ബാദുഷയുടെ ഫേസ്ബുക്ക് കാരിക്കേച്ചർ കാമ്പയിനായിരുന്നു ആശയത്തിന്റെ തുടക്കം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന്റെ രസീത് അയച്ചു നൽകുന്നവരുടെ ഡിജിറ്റൽ കാരിക്കേച്ചറാണ് വരച്ചു നൽകിയത്. കേരളത്തെ ആലിംഗനം ചെയ്തു നിൽക്കുന്ന ഡിജിറ്റൽ കാരിക്കേച്ചറുകൾ കൈക്കലാക്കിയത് നൂറുകണക്കിനാളുകളാണ്. ഫേസ്ബുക്ക് കാമ്പയിനോടൊപ്പം കേരളത്തിലെ പല ഭാഗങ്ങളിലായി ലൈവ് ക്യാരിക്കേച്ചർ ഷോകളും നടന്നു. കാക്കനാട് കളക്ടറേറ്റിൽ കാർട്ടൂൺ ക്ലബ് ഒഫ് കേരളയുടെയും സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെയും ലെഫ്റ്റ് സൈബർ വിംഗ് ഓൺലൈൻ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിലാണ് 'ഡ്രോ ഫോർ കേരള' എന്ന പേരിൽ ലൈവ് കാരിക്കേച്ചർ ഷോ സംഘടിപ്പിച്ചത്. സാധാരണക്കാരും കളക്ടറേറ്റ് ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ സമാഹരിച്ച തുക ജില്ലാ കളക്ടർക്ക് കൈമാറി. കാക്കനാട് നടത്തിയ കാമ്പയിൻ കളക്ടർ എസ്.സുഹാസിന്റെ കാരിക്കേച്ചർ വരച്ചുനൽകിയാണ് അവസാനിപ്പിച്ചത്.

പരിപാടിയിൽ നിന്നും ലഭിച്ച തുക അതാത് ജില്ലാ കളക്ടർമാർക്ക് കൈമാറിയപ്പോൾ അവസാനം സംഘടിപ്പിച്ച കാമ്പിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. പ്രചോദനമായ നൗഷാദിനെ നേരിൽകണ്ട് ക്യാരിക്കേച്ചർ വരച്ചു നൽകിയാണ് കാമ്പയിൻ അവസാനിപ്പിച്ചതെന്ന് ഇബ്രാഹിം ബാദുഷ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാമ്പയിനുകളിൽ കാർട്ടൂണിസ്റ്റുകളായ ഹസ്സൻ കോട്ടേപ്പറമ്പിൽ, നിഷാന്ത് ഷാ, ഷാനവാസ് മുടിക്കൽ, സന്തോഷ് ഇരിട്ടി, അസീസ് കരുവാരക്കുണ്ട്, നിസാർ കാക്കനാട്, ബഷീർ കിഴിശേരി, മുജീബ് പട്‌ള, നീരജ്, ഷദാബ് നിതിൻ നാരായണൻ, ദിനേശ് മഞ്ചേരി എന്നിവരും നേതൃത്വം നൽകി.