ചോറ്റാനിക്കര : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ശിവരാജൻ, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ പി.വി. മായ, മാനേജർ ബിജു.ആർ.പിള്ള ,അസ്സിസ്റ്റന്റ് മാനേജർ കെ.യു. പ്രശാന്ത്, അക്കോമഡേഷൻ മാനേജർ ഇ.കെ. അജയകുമാർ, ക്ഷേത്രസമിതി പ്രസിഡന്റ് പള്ളിപ്പുറത്ത് മന നാരായണൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പ്രകാശൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. രംഗപൂജ, കഥക്ക്, സൗപർണികയുടെ നൃത്തനൃത്യങ്ങൾ, തൃപ്പൂണിത്തുറ വനിതാ കഥകളി കേന്ദ്രത്തിന്റെ മേജർസെറ്റ് കഥകളി എന്നിവയും നടന്നു.
ഇന്ന് രാവിലെ 7 ന് നവരാത്രി സംഗീതോത്സവം തുടങ്ങും. വൈകിട്ട് 4ന് തിരുവാതിരകളി, നൃത്താർച്ചന, ഭരതനാട്യം, രാത്രി 9 ന് മേജർസെറ്റ് കഥകളി. രണ്ടാംവേദിയിൽ ക്ലാസിക്കൽ ഫ്യൂഷൻ, ഭജൻസ്, നൃത്തനൃത്യങ്ങൾ. ഒക്ടോബർ 1 ന് രാത്രി ഷൊർണൂർ സംഘത്തിന്റെ തോൽപ്പാവക്കൂത്ത്, 2 ന് രാത്രി ഭക്തിഗാനമേള, 3 ന് നടനസന്ധ്യ, 4 ന് ശാസ്താംപാട്ട്, പ്രത്യേകം സജ്ജമാക്കുന്ന സരസ്വതി മണ്ഡപത്തിൽ 5 ന് വൈകിട്ട് 4ന് പൂജവയ്പ്, 6 ന് രാവിലെ 7 ന് നൃത്തോത്സവം, 8.30 ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ ആറാം പവിഴമല്ലിത്തറമേളം, 7 ന് മഹാനവമിക്ക് പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളം, രാത്രി 8 ന് തിരുവനന്തപുരം എസ്.പി. തിയേറ്റേഴ്‌സിന്റെ ഘണ്ടാകർണൻ ബാലെ, 8.30 ന് ചോറ്റാനിക്കര വിജയൻമാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്.
8 ന് രാവിലെ 8.30 ന് വിദ്യാരംഭം. പൂജയെടുപ്പും എഴുത്തിനിരുത്തും നടക്കും. ആയിരങ്ങൾ ആദ്യക്ഷരം കുറിക്കാൻ എത്തും. കുട്ടികൾക്ക് പഴം, പഞ്ചാമൃതം, സാരസ്വതാരിഷ്ടം, ലഘുഭക്ഷണം എന്നിവ നൽകും. പിന്നൽ തിരുവാതിര, ഓട്ടൻതുള്ളൽ, അക്ഷരശ്ലോകസദസ്, നൃത്തനൃത്യങ്ങൾ, ഡബിൾ തായമ്പക, തിരുവാതിര, നൃത്താർച്ചന, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയോടെ നവരാത്രിയാഘോഷം സമാപിക്കും.